ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ല : രമേശ് ചെന്നിത്തല

didnt expel jose sector from udf says ramesh chennithala

ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ കോൺഗ്രസ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ജോസ് വിഭാഗം യുഡിഎഫിന്റെ ഭാഗം തന്നെയാണെന്നും തീരുമാനം നടപ്പാക്കിയാൽ യോഗത്തിൽ പങ്കെടുക്കാമെന്നും ചെന്നിത്തല പറഞ്ഞു.

കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് പദവി സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നുവെന്ന് രമേശ് ചെന്നിത്തല ആവർത്തിച്ചു. എട്ട് മാസം ജോസ് വിഭാഗം 6 മാസം പി ജെ ജോസഫ് വിഭാഗം എന്നിങ്ങനെയായിരുന്നു ധാരണ. ഈ തീരുമാനം ഇരുകൂട്ടരേയും അറിയിച്ചിരുന്നു. ജില്ലാ പഞ്ചായത്തംഗങ്ങളോട് ഡിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ എട്ടാം മാസം ജോസ് വിഭാഗം രാജിവെച്ചില്ല. കൊവിഡ് കാരണം മൂന്നു മാസം വീണ്ടും ഇത് നീണ്ടു പോയി. ഇതിന് പിന്നാലെ പി.ജെ വിഭാഗം അവകാശവാദം ഉന്നയിച്ചു. നാല് മാസമായി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ചർച്ച നടന്നുവരികയായിരുന്നു. ഫലപ്രദമായ തീരുമാനത്തിലെത്താൻ തുടർ ചർച്ചകൾക്കായില്ല. തുടർന്ന് രാജിവയ്ക്കണമെന്ന് യുഡിഎഫ് നേതൃത്വം ഔദ്യോഗികമായി അറിയിച്ചു. എന്നിട്ടും രാജിവെച്ചില്ല. ധാരണയേ ഇല്ലെന്ന നിലപാട് സ്വീകരിച്ചു. എന്നിട്ടും വീണ്ടും ചർച്ച നടന്നു. തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് യുഡിഎഫ് യോഗത്തിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതെന്ന് ചെന്നിത്തല വിശദീകരിച്ചു.

യുഡിഎഫിന്റെ കെട്ടുറപ്പിനാണ് നടപടിയെടുത്തത്. അച്ചടക്കവും ഐക്യവുമാണ് മുന്നണിക്ക് വേണ്ടത്. ഇത്തരം പ്രശ്‌നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുകയാണ് പതിവ്. ഈ വിഷയത്തിൽ മറ്റു വഴിയില്ലാത്തതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

 

 

 

Story Highlights- didnt expel jose sector from udf says ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top