താരങ്ങളും മാനേജ്മെന്റും ആരാധകരും അൺഹാപ്പി; ബാഴ്സലോണയിൽ സംഭവിക്കുന്നത്

ലീഗിൽ തുടർച്ചയായി മോശം റിസൽട്ടുകൾ. പിന്നിൽ നിന്ന് പൊരുതിക്കയറിയ ബദ്ധവൈരികളായ റയൽ മാഡ്രിഡ് തങ്ങളെ മറികടന്ന് ടേബിളിൽ ഒന്നാമത്. മോശം റിസൽട്ടുകളിൽ അതൃപ്തരായി ക്ലബ്. യുവതാരങ്ങളെ അന്തവും കുന്തവുമില്ലാതെ വിറ്റൊഴിവാക്കുന്ന ടീം മാനേജ്മെൻ്റ്. ആർതറിനെ വിൽക്കുന്നത് ഞാനറിഞ്ഞില്ലെന്ന് കൈമലർത്തുന്ന പരിശീലകൻ ക്വിക്കെ സെറ്റിയൻ. പരിശീലകനിൽ താരങ്ങൾക്ക് അതൃപ്തി. അദ്ദേഹത്തിന് ചെവി കൊടുക്കാതെ നിൽക്കുന്ന താരങ്ങൾ. ഇതിനെല്ലാം അവസാനം മോശം പ്രകടനങ്ങൾ കണക്കിലെടുത്ത് സീസൺ അവസാനം കോച്ചിനെ പുറത്താക്കുമെന്ന റിപ്പോർട്ടുകൾ. ബാഴ്സലോണക്ക് ഇത് നല്ല കാലമല്ല.
ഇന്നലെ അത്‌ലറ്റികോ മാഡ്രിഡുമായി നടന്ന ഹോം മത്സരത്തിൽ കൂടി സമനില വഴങ്ങിയതോടെ ആരാധകരുടെയും മാനേജ്മെൻ്റിൻ്റെയും രോഷം പിടിവിട്ടിരിക്കുകയാണ്. മെസി നേടിയ 700ആം ഗോൾ മാത്രമാണ് ആകെ ബാഴ്സലോണ ആരാധകർക്ക് ഇപ്പോൾ ആശ്വസിക്കാനുള്ളത്. കുറച്ച് നാളുകളായി തുടരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ ഉയർന്നു കേൾക്കാം. യുവതാരങ്ങളെ ബാഴ്സലോണ ടീമിലെത്തിച്ച് നശിപ്പിക്കുകയാണെന്നത് ആരാധകർ പോലും ഉന്നയിക്കുന്ന ആരോപണമാണ്. പ്രത്യേകിച്ച് ബ്രസീലിയൻ താരങ്ങളാണ് ബാഴ്സയുടെ ഇരകളെന്നാണ് വാദം. ഒന്നാലോചിച്ചാൽ അത് ഏറെക്കുറെ ശരിയുമാണ്. മുൻകൂട്ടി തയ്യാറാക്കിയ തന്ത്രം എന്ന് കരുതാനാവില്ലെങ്കിലും അതാണ് യാഥാർത്ഥ്യം.
ലിറ്റിൽ മജീഷ്യൻ ഫിലിപെ കുട്ടീഞ്ഞോയെ ടീമിലെത്തിച്ച് ഏറെ അപരിചിതമയ പൊസിഷനിൽ കളിപ്പിക്കുകയും സ്വാഭാവിക്മായ കേളീശൈലി പുറത്തെടുക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്ത് ബയേൺ മ്യൂണിക്കിലേക്ക് ലോണിനയച്ചു. ലിവർപൂളിൽ വളരെ ഗംഭീരമായ കരിയർ ആസ്വദിച്ചു കൊണ്ടിരിക്കെയാണ് ബാഴ്സലോണ ഇടപെട്ട് കുട്ടീഞ്ഞോയുടെ കരിയർ ഒരു ചോദ്യ ചിഹ്നമാക്കിയത്. മറ്റൊരു ബ്രസീൽ താരം മാൽക്കം തരക്കേടില്ലാതെ ബാഴ്സലോണയിൽ പ്രകടനങ്ങൾ നടത്തുകയായിരുന്നു. 2018ൽ ക്ലബിലെത്തി ഒരു സീസൺ കളിച്ചു. 15 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ മാൽക്കമിനെ അടുത്ത സീസണിൽ ബാഴ്സ സെൻ്റ് പീറ്റേഴ്സ്ബർഗിനു കൈമാറി കൈകഴുകി. ആ നിരാശ മാൽക്കം പരസ്യമായി പറയുകയും ചെയ്തു. വീണ്ടും ഒരു ബ്രസീൽ താരം ആർതർ മെലോയെ യുവൻ്റ്സുമായി നടത്തുന്ന ഒരു സ്വാപ് ഡീലിൽ പെടുത്തിയത് താൻ അറിഞ്ഞിട്ടില്ലെന്ന് പറയുന്ന പരിശീലകൻ തന്നെയാണ് ആ ട്രാൻസ്ഫറിലെ ദുരൂഹത. അധ്വാനിച്ച് കളിക്കുന്ന ആർതർ ബാഴ്സ മധ്യനിരയിൽ ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിയിരുന്നത്. ബാഴ്സക്കായി 48 മത്സരങ്ങൾ. ഭാവിയിലെ എഞ്ചിൻ റൂം എന്ന് വിശേഷിപ്പിച്ചാൽ പോലും അതിശയോക്തിയാവാത്ത താരം. ഇതുവഴി ടീം പ്ലയറായി നിന്ന് ബാഴ്സലോണ എന്ന ബ്രാൻഡിനെ പ്രണയിച്ച 23കാരായ രണ്ട് യുവതാരങ്ങളെയാണ് ക്ലബ് പുല്ലു പോലെ വിട്ടുകളഞ്ഞത്.
ഇതിനിടയിലാണ് അത്‌ലറ്റികോ മാഡ്രിഡിൽ നിന്ന് അൻ്റോയിൻ ഗ്രീസ്മാൻ എത്തുന്നത്. ഏത് നശിച്ച നേരത്താണാവോ എന്ന് ഇതിനകം പലവട്ടം ഗ്രീസ്മാൻ സ്വയം പറഞ്ഞിട്ടുണ്ടാവും. സുവാരസിനു പകരക്കാരനായി ക്ലബിൽ എത്തിച്ചതു കൊണ്ടാവണം, താരത്തിന് ഗ്രീസ്മാനെ ഇഷ്ടമല്ല. പലപ്പോഴും ഗ്രൗണ്ടിൽ ഐസൊലേറ്റ് ചെയ്യപ്പെട്ട് നിൽക്കുന്ന ഗ്രീസ്മാൻ ക്ലബിലെ താൻ പോരിമയുടെ ഉദാഹരണമായി അവശേഷിക്കുന്നു. മെസി എന്ന ഉപഗ്രഹത്തിനു ചുറ്റും കറങ്ങുന്ന നക്ഷത്രങ്ങളായി മാറിയപ്പോഴാണ് അർജൻ്റീനക്ക് ദിശാബോധം നഷ്ടപ്പെട്ടത്. സിമിയോണി മാറ്റിയെടുത്തത് ആ പതിവാണ്. ഒരു ടീമായി കരുത്ത് കാണിച്ചിരുന്ന ബാഴ്സലോണയും ഇപ്പോൾ മെസിയിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. പാസുകളൊക്കെ അയാളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. കഴിയും പോലെ അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും ഒരു ടീം ഗെയിമിൽ അത് കരണീയമല്ല.
മോശം പ്രകടനങ്ങൾ മുൻനിർത്തി വാൽവെർദെക്ക് പകരം ക്ലബ് പരിശീലക സ്ഥാനത്തേക്ക് എത്തിച്ചയാളാണ് ക്വിക്കെ സെറ്റിയൻ. ആദ്യ മത്സരത്തിൽ ഗ്രനാഡക്കെതിരെ ടീം പുറത്തെടുത്ത കളി കണ്ടപ്പോൾ മാനേജ്മെൻ്റിനു തെറ്റിയില്ലെന്ന് തോന്നി. പക്ഷേ, പിന്നീട് പിഴവുകളുടെ ഘോഷയാത്രയായിരുന്നു. തന്ത്രങ്ങൾ പിഴച്ചു. താരങ്ങൾക്ക് ബഹുമാനം നഷ്ടപ്പെട്ടു. അവർ പരിശീലകനു ചെവി കൊടുക്കാതായി. പരിശീലകനു മുകളിൽ കളിക്കാരുടെ ഈഗോ പ്രവർത്തിച്ചു. ആ ഈഗോയ്ക്കും മുകളിൽ ചവിട്ടി നിന്ന് നയിക്കാനറിയുന്ന ഒരു നായകൻ കൂടി ഇല്ലാതായതോടെ ബാഴ്സലോണ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്.
ഇവിടെയാണ് റയൽ മാഡ്രിഡിൽ സിദാൻ്റെ പ്രസക്തി. സമാനമായ ചുറ്റുപാടിൽ ക്ലബിനെ ഏറ്റെടുത്ത സിദാൻ താരങ്ങളിൽ ഉണ്ടാക്കിയ ഇംപാക്ട് ആണ് ഇന്ന് റയലിനെ ടേബിളിൽ ഒന്നാമത് എത്തിച്ചത്. ആ ഇംപാക്ട് നൂറ്റാണ്ടിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ എന്ന ലെഗസിക്ക് കൂടി അവകാശപ്പെട്ടതാണെങ്കിലും അത് റയലിന് ജീവവായു ആയിരുന്നു.
സമ്പന്നമായ ഭൂതകാലത്തിൻ്റെ സ്മരണകൾ പേറുന്ന ഒരു ക്ലബാണ്. ആ ക്ലബ് ലോകത്തിനു കളിയാക്കി ചിരിക്കാനുള്ള ഒരു വസ്തുവായി മാറുകയാണെന്ന ഞെട്ടൽ ഇതിനോടൊപ്പം ചേർത്തുവായിക്കണം. റിക്വി പുയ്ജ്, അൻസു ഫാത്തി തുടങ്ങിയ താരങ്ങളിലൂടെ ലാമാസിയ ഇപ്പോഴും പ്രൊഡക്ടിവിറ്റിക്ക് കളങ്കം വരുത്താതെ നിലനിൽക്കുന്നുണ്ട്. ആ റിസോഴ്സസ് മാത്രം മതി, ബാഴ്സലോണക്ക് പഴയ ബാഴ്സലോണയാവാൻ.
Story Highlights – FC barcelona under quique setien a study
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here