സ്വകാര്യ പങ്കാളിത്തത്തോടെ യാത്രാ ട്രെയിനുകൾ ഓടിക്കാൻ കേന്ദ്രസർക്കാർ; പ്രാരംഭ നടപടികൾ ആരംഭിച്ചതായി റെയിൽവേ മന്ത്രി

രാജ്യത്തെ 109 റൂട്ടുകളിൽ സ്വകാര്യ പങ്കാളിത്തത്തോടെ യാത്രാ ട്രെയിനുകൾ ഓടിക്കാൻ കേന്ദ്രസർക്കാർ. 151 ആധുനിക ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി സ്വകാര്യ മേഖലയെ ക്ഷണിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ട്വീറ്ററിലൂടെ വ്യക്തമാക്കി.

മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിൽത്തന്നെ നിർമിക്കുന്ന ട്രെയിനുകളാവും സർവീസ് നടത്തുക. റെയിൽവേയുടെ 12 ക്ലസ്റ്ററുകളിലെ 109 റൂട്ടുകളിലാണ് ട്രെയിനുകൾ സർവീസ് നടത്തുക. ട്രെയിനുകളുടെ നിർമാണം, പ്രവർത്തനം, പരിപാലനം തുടങ്ങിയവയെല്ലാം സ്വകാര്യ കമ്പനിയുടെ ഉത്തരവാദിത്തത്തിലായിരിക്കും. ഓരോ ട്രെയിനുകളിലും 16 കോച്ചുകൾ വീതമാകും ക്രമീകരിക്കുക.

ഇന്ത്യൻ റെയിൽവേ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി 35 വർഷത്തേക്കാവും സർവീസ് നടത്താൻ അനുമതി നൽകുക. കമ്പനികൾ റെയിൽവേയ്ക്ക് നിശ്ചിത തുക നൽകണം. ഇന്ത്യൻ റെയിൽവേയുടെ ജീവനക്കാരായിരിക്കും ട്രെയിനുകൾ സർവീസ് നടത്തുക.

സ്വകാര്യ മേഖലയിൽനിന്ന് 30,000 കോടിയുടെ നിക്ഷേപം സമാഹരിക്കാനുദ്ദേശിച്ചുള്ളതാണ് പദ്ധതിയുടെ തുടക്കം എന്ന നിലയിൽ കഴിഞ്ഞ വർഷം ലക്‌നൗ- ഡൽഹി പാതയിൽ തേജസ് എക്‌സ്പ്രസ് സർവീസ് ആരംഭിച്ചിരുന്നു.

Story highlight: Union Government, operate passenger trains,  private partnerships; The Minister of Railways,  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top