ജോസ് കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കിയിട്ടില്ല; എല്‍ഡിഎഫ് വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എ വിജയരാഘവന്‍

a vijayaraghavan

യുഡിഎഫില്‍ നിന്ന് പുറത്താക്കിയ ജോസ് കെ മാണി വിഭാഗം ഏത് മുന്നണിയിലേക്ക് നീങ്ങുമെന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. ജോസ് കെ മാണി ഏത് മുന്നണിയിലേക്ക് പോകുമെന്ന് നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പൊതുവായ രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിനകത്ത് നിലവില്‍ പ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ട്. കേരള രാഷ്ട്രീയത്തില്‍ യുഡിഎഫ് ദുര്‍ബലപ്പെടുകയാണ്. ഈ വിഷയങ്ങളെല്ലാം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും. പൊതുവായ തീരുമാനം എടുക്കും. എല്‍ഡിഎഫിലേക്ക് വരുമെന്ന് ജോസ് കെ മാണി പറഞ്ഞിട്ടില്ല. ഇത് പുതിയ രാഷ്ട്രീയ സംഭവങ്ങളാണ്. ഇക്കാര്യങ്ങളെല്ലാം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ജോസ് വിഭാഗം യുഡിഎഫിന്റെ ഭാഗം തന്നെയാണെന്നും തീരുമാനം നടപ്പാക്കിയാല്‍ യോഗത്തില്‍ പങ്കെടുക്കാമെന്നും ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.

Story Highlights: ldf convener a vijayaraghavan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top