Advertisement

ഖസാക്കിന്റെ ഇതിഹാസകാരൻ, ഒവി വിജയന് ഇന്ന് നവതി

July 2, 2020
Google News 1 minute Read

ഖസാക്കിന്റെ ഇതിഹാസകാരൻ ഒവി വിജയന് ഇന്ന് നവതി. ദർശന സമഗ്രതയുള്ള എഴുത്ത് കൊണ്ട് മലയാളികൾക്ക് വേറിട്ടൊരു ലോകം സമ്മാനിച്ച എഴുത്തുകാരനായിരുന്നു ഒ.വി വിജയൻ. ഭാഷയിലും ശൈലിയിലും അന്നും ഇന്നും ഒ.വി വിജയന് ഒപ്പം നിൽക്കാവുന്ന എഴുത്തുകാർ മലയാളത്തിലുണ്ടായിട്ടില്ല.

മലയാളി ശീലിച്ച വായനാശീലങ്ങളെ അട്ടിമറിച്ച നോവലായിരുന്നു ഖസാക്കിന്റെ ഇതിഹാസം. വായനക്കാർക്ക് ചുറ്റും മാസ്മരികത സൃഷ്ടിച്ച ആ നോവൽ അവർക്ക് നൽകിയത് ഒരു സാങ്കൽപിക ലോകമായിരുന്നു. പിന്നീടങ്ങോട്ട് ഒരുപാട് മലയാളികൾക്ക് ഖസാക്കായിരുന്നു സ്വന്തം നാട്. ഏകാന്തതയുടെ നൂറ് വർഷങ്ങൾ എന്ന കൃതി സ്പാനിഷ് സാഹിത്യത്തിൽ എന്താണോ അതാണ് ഖസാക്കിന്റെ ഇതിഹാസം മലയാള സാഹിത്യത്തിൽ ചെയ്തത്. ഖസാക്കിനെ മറന്ന് ഒ.വി വിജയനെ ഓർക്കാൻ കഴിയില്ല. എഴുത്തുകാരനും കൃതിയും അത്രമേൽ കെട്ടുപിണഞ്ഞുകിടക്കുന്നു.

ദർശന സമഗ്രതയായിരുന്നു ഒ.വി വിജയൻ എന്ന എഴുത്തുകാരന്റെ പ്രത്യേകത. ആ എഴുത്തുശൈലി എല്ലാറ്റിനെയും ഉൾക്കൊണ്ടു. ഭാഷയിലും ശൈലിയിലും അപാരമയ കൈയ്യടക്കം വിജയന്റെ സവിശേഷതയായിരുന്നു. ഖസാക്കിന് ശേഷം എഴുതിയ ധർമപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകൾ എന്നീ നോവലുകളെല്ലാം ദർശനങ്ങൾ കൊണ്ടും തത്വചിന്ത കൊണ്ടും രാഷ്ട്രീയം കൊണ്ടും വ്യത്യസ്ത ലോകങ്ങൾ സൃഷ്ടിച്ചു.

നോവലെഴുത്തിൽ മാത്രമല്ല, ചെറുകഥകളിലും സ്വന്തം കൈയ്യൊപ്പ് പതിപ്പിച്ചു വിജയൻ. കടൽതീരത്ത് എന്ന കഥയിലെ വെള്ളായിയപ്പൻ ഇന്നും മലാളികളുടെ നീറുന്ന ഓർമയാണ്. ഇന്ത്യയിലെ എക്കാലത്തെയും മികച്ച കാർട്ടൂണിസ്റ്റുകളിൽ ഒരാൾ കൂടിയായിരുന്നു ഒ.വി വിജയൻ. അടിയന്തരാവസ്ഥയെപ്പറ്റിയുള്ള ഏറ്റവും മികച്ച കാർട്ടൂൺ വിജയന്റേതാണ്. ആ കാർട്ടൂണുകളിൽ ചരിത്രാന്വേഷണവും രാഷ്ട്രീയവും ഇഴചേർന്നുകിടന്നു. 2005 മാർച്ച് 30നാണ് വിജയൻ ഈ ലോകത്തോട് വിട പറഞ്ഞത്.

Story highlight: Ov Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here