മൂന്ന് ടീമുകളും 36 ഓവറും; ദക്ഷിണാഫ്രിക്കയിൽ ത്രീ ടീം ക്രിക്കറ്റ് 18ന്

south africa 3tc cricket

ദക്ഷിണാഫ്രിക്കയിൽ 36 ഓവറുകളിലായി 3 ടീമുകൾ കളിക്കുന്ന ത്രീ ടീം ക്രിക്കറ്റ് ജൂലായ് 18ന്. നേരത്തെ ജൂൺ 17നു തീരുമാനിച്ചിരുന്ന മത്സരം സർക്കാർ അനുമതി ലഭിക്കാത്തതിനെ തുടർന്ന് മാറ്റിവച്ചിരുന്നു. ശേഷം സർക്കാരിൽ നിന്ന് അനുമതി നേടിയെടുത്ത ക്രിക്കറ്റ് സൗത്താഫ്രിക്ക മുൻ പ്രസിഡൻ്റ് നെൽസൺ മണ്ടേലയുടെ 102ആം ജന്മദിനത്തിൽ മത്സരം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനു മുന്നോടിയായി താരങ്ങൾ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

Read Also: ഒരു കളിയിൽ മൂന്ന് ടീമുകൾ; ആകെ 36 ഓവർ: ദക്ഷിണാഫ്രിക്കയിൽ കൊവിഡാനന്തര ക്രിക്കറ്റിന് അരങ്ങുണരുന്നു

വിരമിക്കൽ തീരുമാനം പിൻവലിച്ച് സൂപ്പർ താരം എബി ഡിവില്ല്യേഴ്സ് തിരികെയെത്തുന്നു എന്നതാണ് ത്രീടിസിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. മൂന്നിൽ ഒരു ടീമിനെ താരം നയിക്കും. കഗീസോ റബാഡ, ക്വിന്റൺ ഡികോക്ക് എന്നിവരാണ് മറ്റ് രണ്ട് ടീമുകളെ നയിക്കുക. ദക്ഷിണാഫ്രിക്കയിലെ മുൻ നിര താരങ്ങളൊക്കെ അണിനിരക്കുന്ന മത്സരം, കൊവിഡ് പ്രതിസന്ധിയിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിനായുള്ള ധനസമാഹരണം ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്.

എട്ട് കളിക്കാരാണ് ഒരു ടീമിൽ ഉണ്ടാവുക. രണ്ട് പകുതിയിലായി 36 ഓവറാണ് മത്സരം. ഒരു ടീമിന് പരമാവധി 12 ഓവർ ലഭിക്കും. ആറ് ഓവർ വീതം അടങ്ങുന്ന രണ്ട് പകുതിയായി തിരിച്ച് ഇരു പകുതികളിലായി ഓരോ ടീമുകളെ നേരിടും. ആദ്യ പകുതിയിൽ ഉയർന്ന സ്കോർ കണ്ടത്തിയ ടീം, രണ്ടാം പകുതിയിൽ ആദ്യം ബാറ്റ് ചെയ്യും. ഏഴാമത്തെ വിക്കറ്റും വീണാൽ അവസാനത്തെ ബാറ്റ്സ്മാന് ഒറ്റക്ക് നിന്ന് കളിക്കാൻ കഴിയും.

Story Highlights: south africa 3tc cricket in july 18th

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top