Advertisement

രോഗികളല്ല, കൊവിഡ് രോഗമാണ് ശത്രു; ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വരുന്നവരെ അകറ്റിനിര്‍ത്തുന്നതിനെതിരെ മുഖ്യമന്ത്രി

July 3, 2020
Google News 2 minutes Read
cm pinarayi vijayan

രോഗികളല്ല, കൊവിഡ് രോഗമാണ് നമ്മുടെ ശത്രുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും തിരിച്ചെത്തുന്നവരെ അകറ്റി നിര്‍ത്തുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ യശസിന് കളങ്കം സൃഷ്ടിക്കുന്ന ചില വാര്‍ത്തകള്‍ വന്നത് കണ്ടു. അന്യദേശങ്ങളില്‍ നിന്നും അനവധി കഷ്ടപ്പാടുകള്‍ താണ്ടി കേരളത്തിലെത്തിയ നമ്മുടെ സഹോദരങ്ങളില്‍ ചിലര്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണത്. ക്വാറന്റീനില്‍ കഴിയുന്നവരുടെ വീട് ആക്രമിക്കുക, ബന്ധുക്കളെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് മാതൃകയില്‍ അവരെ അകറ്റിനിര്‍ത്തുക തുടങ്ങിയ വാര്‍ത്തകളാണ് വന്നത്.

ഇന്ന് കണ്ടത് കോട്ടയത്തുനിന്നുള്ള വിഷമകരമായ ഒരു അനുഭവമാണ്. ബംഗളൂരുവില്‍നിന്ന് എത്തി 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ യുവതിയും ഏഴും നാലും വയസുള്ള മക്കളും വീട്ടില്‍ കയറാനാകാതെ തെരുവില്‍ എട്ടുമണിക്കൂറോളം കഴിയേണ്ടിവന്നു. ഒടുവില്‍ അവര്‍ കളക്ടറേറ്റില്‍ അഭയം തേടി. സ്വന്തം വീട്ടുകാരും ഭര്‍തൃവീട്ടുകാരും ഇവരെ സ്വീകരിക്കാന്‍ തയാറായില്ല എന്നാണ് വാര്‍ത്ത. ഇത്തരം അനുഭവങ്ങള്‍ നമ്മെ എവിടെയാണ് എത്തിക്കുന്നത് എന്ന് ഓര്‍ക്കണം.

Read Also : സുരേഷ് ഗോപിയുടെ 250 -ാം ചിത്രം കടുവാക്കുന്നേല്‍ കുറുവച്ചന്റെ ചിത്രീകരണത്തിന് കോടതി വിലക്ക്

സാധാരണ നിലയ്ക്ക് ക്വാറന്റീനില്‍ കഴിഞ്ഞ് മറ്റ് അപകടങ്ങള്‍ ഇല്ല എന്ന് ബോധ്യപ്പെട്ടിട്ടും അവരെ അകറ്റിനിര്‍ത്തുകയാണ്. രോഗബാധിതരായവരെപ്പോലും അകറ്റിനിര്‍ത്തുകയല്ല വേണ്ടത്. അവരെ ശാരീരിക അകലം പാലിച്ചുകൊണ്ട് നല്ല രീതിയില്‍ സംരക്ഷിക്കുന്ന നിലയാണ് വേണ്ടത്. ഒറ്റപ്പെട്ട ഇത്തരം മനോഭാവങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ പൊതുവായ നിലയ്ക്ക് അപകീര്‍ത്തികരമാണ് എന്നത് അത്തരം ആളുകള്‍ മനസിലാക്കേണ്ടതുണ്ട്. അത്തരം ആളുകളെയും കുടുംബങ്ങളെയും ബോധ്യപ്പെടുത്താന്‍ സമൂഹം സ്‌നേഹബുദ്ധ്യാ ശ്രമിക്കേണ്ടതുണ്ട്.

വിദേശങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും നാട്ടിലെത്തുന്നവരെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുകയുമാണ് ഈ നാടിന്റെ ഉത്തരവാദിത്വം. അതിനു പകരം അവരെ വീട്ടില്‍ കയറ്റാതെ ആട്ടിയോടിക്കുന്ന നടപടികള്‍ മനുഷ്യര്‍ക്കു ചേര്‍ന്നതല്ല. വരുന്നവരില്‍ ചിലര്‍ക്ക് രോഗബാധയുണ്ടാകാം. അത് പകരാതിരിക്കാനാണ് ക്വാറന്റീന്‍. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് ക്വാറന്റീന്‍ നടപ്പിലാക്കിയാല്‍ രോഗം പകരാതെ തടയാന്‍ സാധിക്കും.

ക്വാറന്റീന്‍ എന്നത് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് വിഷമം ഉള്ള കാര്യമാണം തന്നെയാണ്. പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ട് ദിവസങ്ങളോളം മുറിയില്‍ അടച്ചിരിക്കേണ്ടിവരികയാണ്. രോഗം ഇല്ലെങ്കില്‍ കൂടി നമ്മുടെ സഹോദരങ്ങള്‍ അതിനു തയാറാകുന്നത് അവരുടെ മാത്രമല്ല, പൊതുസമൂഹത്തിന്റെയാകെ സുരക്ഷയ്ക്ക് വേണ്ടിയാണ്. അത് എല്ലാവരും അംഗീകരിക്കേണ്ടതുണ്ട്. തൊഴിലുള്‍പ്പെടെ നഷ്ടപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്ന അവസ്ഥയിലാണ് പ്രവാസികളില്‍ വലിയൊരു ശതമാനവും വരുന്നത്. അവര്‍ക്കാവശ്യമായ സൗകര്യങ്ങളും മാനസിക പിന്തുണയും നല്‍കാന്‍ നാം ബാധ്യസ്ഥരാണ്. ശാരീരിക അകലം പാലിക്കുക, രോഗവ്യാപനത്തിനുള്ള സാധ്യതകള്‍ ഒഴിവാക്കുക എന്നതാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights cm pinarayi vijayan press meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here