പരിശീലന മത്സരത്തിനിടെ കൊവിഡ് ലക്ഷണങ്ങൾ; ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ നിരീക്ഷണത്തിൽ

പരിശീലന മത്സരത്തിനിടെ കൊവിഡ് ലക്ഷണങ്ങൾ പ്രകടമാക്കിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ നിരീക്ഷണത്തിൽ. താരത്തെ പിന്നീട് കൊവിഡ് പരിശോധനക്ക് വിധേയനാക്കും. കൊവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് അദ്ദേഹത്തെ മത്സരത്തിൽ നിന്ന് പിൻവലിച്ചിരുന്നു.
വെസ്റ്റ് ഇൻഡീസ് പര്യടനത്തിനു മുന്നോടിയായി ഇംഗ്ലണ്ട് ടീം രണ്ടായി തിരിഞ്ഞ് പരിശീലന മത്സരം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് താരം രോഗലക്ഷണങ്ങൾ പ്രകടമാക്കിയത്. തുടർച്ചയായി പന്തെറിഞ്ഞ് താരം തളർന്നുവെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ പ്രസ്താവനയിൽ പറയുന്നു. താരത്തിന് വയറിളക്കവും ഉണ്ടെന്നാണ് പ്രസ്താവനയിൽ സൂചിപ്പിക്കുന്നത്.
പരിശീലന മത്സരം നടക്കുന്നത് ഏജ് ബൗൾ സ്റ്റേഡിയത്തിലായിരുന്നു. അവിടെ തന്നെയാണ് താരം ഐസൊലേഷനിലുള്ളത്. മത്സരത്തിൻ്റെ ആദ്യ ദിനം താരം 15 റൺസ് നേടി പുറത്താവാതെ നിൽക്കുകയായിരുന്നു.
കളിക്കാരും, മാച്ച് ഒഫീഷ്യൽസും സപ്പോർട്ടിംഗ് സ്റ്റാഫുകളും ഉൾപ്പെടെ 700ലധികം കൊവിഡ് ടെസ്റ്റുകളാണ് വിൻഡീസ് പരമ്പരക്ക് മുന്നോടിയായി ഇസിബി നടത്തിയത്. ഇതില്‍ ഒരാള്‍ക്ക് പോലും കൊവിഡ് പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തില്ല എന്ന് ക്രിക്കറ്റ് ബോർഡ് പറയുന്നു.
ത്രിദിന പരിശീലന മത്സരമാണ് നടന്നത്. ജോസ് ബട്ലറിൻ്റെ നായകത്വത്തിൽ ഒരു ടീമും ബെൻ സ്റ്റോക്സിൻ്റെ നായകത്വത്തിൽ മറ്റൊരു ടീമും പരസ്പരം പോരടിച്ചു. ഇന്നലെയായിരുന്നു മത്സരം ആരംഭിച്ചത്. ബട്‌ലർ ടീമിനായിരുന്നു ബാറ്റിംഗ്. സ്റ്റോക്സ് ടീമിലെ സുപ്രധാന ബൗളർ ജെയിംസ് ആൻഡേഴ്സൺ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സൺ സാമൂഹിക അകലം പാലിച്ചു കൊണ്ട് ആഘോഷം നടത്തിയത് ശ്രദ്ധേയമായി. ആലിംഗനമില്ലാതെ, മറ്റ് താരങ്ങളെ സ്പർശിക്കാതെയാണ് ആൻഡേഴ്സൺ ആഘോഷത്തിൽ പങ്കാളിയായത്. ഇടക്ക് താരങ്ങൾ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കതും കളിക്കളത്തിൽ കണ്ടു. താരങ്ങൾക്ക് കുടിക്കാൻ ഡ്രിങ്ക്സുമായി എത്തിയ സബ്സ്റ്റിറ്റ്യൂട്ട് താരം ഹാൻഡ് ഗ്ലൗസ് അണിഞ്ഞാണ് എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here