കൊവിഡ്; തിരുവനന്തപുരത്തും എറണാകുളത്തും പൊന്നാനിയിലും ഗുരുതര സാഹചര്യം: മുഖ്യമന്ത്രി

തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാനിയിലും കൊവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ഒരു ദിവസം രോഗബാധിതരുടെ എണ്ണം 200 കടക്കുന്നത് ആദ്യമാണ്. 14 ജില്ലകളിലും രോഗബാധിതര്‍ വര്‍ധിച്ചു. നേരത്തെയുള്ളതില്‍ നിന്ന് വ്യത്യസ്തമായി നഗരങ്ങളിലും ഗ്രാമങ്ങളിലും കൊവിഡ് ബാധിതരുണ്ട്. ഈ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത് ജാഗ്രത കൂടുതല്‍ വേണമെന്നതാണ്. എല്ലാവരും ഒരുമിച്ച് നില്‍ക്കണം ഈ പോരാട്ടത്തിലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 201 പേര്‍ ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം ബാധിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 39 പേര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് 27 പേര്‍ക്കാണ് രോഗം ബാധിച്ചത്. സിഐഎസ്എഫിലുള്ള ആറുപേര്‍ക്കും എയര്‍ ക്രൂവിലുള്ള ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ സെക്രട്ടേറിയറ്റിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനുമുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം -35, കൊല്ലം -23, ആലപ്പുഴ -21, തൃശൂര്‍ -21, കണ്ണൂര്‍ -18, എറണാകുളം -17, തിരുവനന്തപുരം -17, പാലക്കാട് -14, കോട്ടയം -14, കോഴിക്കോട് -14, കാസര്‍ഗോഡ് -7, പത്തനംതിട്ട -7, ഇടുക്കി -2, വയനാട് -1

ഇന്ന് രോഗമുക്തി നേടിയവരുടെ കണക്ക്

തിരുവനന്തപുരം -5, പത്തനംതിട്ട -29, ആലപ്പുഴ -2, കോട്ടയം -16, എറണാകുളം -20, തൃശൂര്‍ -5, പാലക്കാട് -68, മലപ്പുറം -10, കോഴിക്കോട് -11, വയനാട് -10, കണ്ണൂര്‍ -13, കാസര്‍ഗോഡ് -12,

സംസ്ഥാനത്ത് ഇതുവരെ 4964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 2098 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

Story Highlights: Thiruvananthapuram, Ernakulam covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top