വയനാട്ടില്‍ മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യത്തിലേക്കെന്ന് സൂചന

Wayanad Government Medical College

വയനാടിന്റെ ചിരകാല അഭിലാഷമായ മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യത്തിലേക്കെന്ന് സൂചന. ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജായ ഡിഎം വിംസ് സര്‍ക്കാരിന് വിട്ട് നല്‍കാന്‍ ഉടമ ഡോ. ആസാദ് മൂപ്പന്‍ സര്‍ക്കാരിനെ സന്നദ്ധത അറിയിച്ചു. വിദഗ്ദസമിതി പഠനം നടത്തിയ ശേഷം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊളളും. വിംസ് ഏറ്റെടുത്താലും ചേലോട് എസ്റ്റേറ്റിലെ ഭൂമി സര്‍ക്കാര്‍ കൈവശം ഉണ്ടാകുമെന്ന് സികെ ശശീന്ദ്രന്‍ എംഎല്‍എ ട്വന്റി ഫോറിനോട് പറഞ്ഞു.

Read Also : ‘അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലുമൊരു മുന്നണിയിൽ കടക്കും’: പിസി ജോർജ്

വയനാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജെന്ന സ്വപ്നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നേരത്തെ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ കല്ലിടല്‍ വരെ നടന്നിരുന്നെങ്കിലും വിദഗ്ദ പഠനങ്ങള്‍ക്ക് ശേഷം ഈ ഭൂമി വേണ്ടെന്ന് വെക്കുകയായിരുന്നു. ജില്ലയ്ക്ക് സ്വന്തമായി മെഡിക്കല്‍ കോളജ് ഇല്ലാത്തതിന്റെ പ്രായസങ്ങള്‍ അനുദിനം ഇരട്ടിക്കുന്നതിനിടയിലാണ് ഡിഎം എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി ഡോ ആസാദ് മൂപ്പന്‍ ഡിഎം വിംസ് സര്‍ക്കാരിന് നല്‍കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചത്. നിര്‍ദേശത്തെ സ്വാഗതം ചെയ്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിച്ച് ഉത്തരവിക്കി. മൂന്നാഴ്ചക്കകം സമിതി പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. പഠനറിപ്പോര്‍ട്ട് അനുകൂലമെങ്കില്‍ ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജായ ഡിഎം വിംസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജായി മാറും.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുളള വിദഗ്ദ സമിതിയാണ് പഠനം നടത്തുക. ഡിഎം വിംസ് ഏറ്റെടുത്താലും മെഡിക്കല്‍ കോളജിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ കണ്ടെത്തിയ ചേലോട് എസ്റ്റേറ്റിലെ ഭൂമി സര്‍ക്കാരിന്റെ കൈവശം തന്നെയായിരിക്കും ഉണ്ടാകുക. ഭാവിയില്‍ മറ്റ് വികസന പദ്ധതികള്‍ക്കായി ഭൂമി പ്രയോജനപ്പെടുത്തും. എന്തായാലും ഡിഎം വിംസ് സര്‍ക്കാരിന് സ്വന്തമായാല്‍ ഭരണകാലാവധി പൂര്‍ത്തിയാകാനിരിക്കെ സര്‍ക്കാരിന് വലിയ നേട്ടമാകും ഇത്.

Story HighlightsWayanad Government Medical College

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top