സമ്പര്‍ക്കത്തിലൂടെ കൊവിഡ്; കാസര്‍ഗോഡിന്റെ അതിര്‍ത്തി മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

സമ്പര്‍ക്കത്തിലൂടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കാസര്‍ഗോഡിന്റെ അതിര്‍ത്തി മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്. ഇരു ഭാഗത്തേക്കും ദൈനംദിന യാത്ര അനുവദിക്കില്ല. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം.

കാസര്‍ഗോഡ് ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ട സമയമാണിതെന്ന് റവന്യുമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗം വിലയിരുത്തി. മംഗളൂരുവുമായുള്ള ദൈനംദിന ബന്ധം രോഗവ്യാപനത്തിന് ഇടയാക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇരു ഭാഗത്തേക്കുമുള്ള യാത്ര 28 ദിവസം താമസിക്കാന്‍ പറ്റുന്നവര്‍ക്ക് മാത്രമായി നിയന്ത്രിച്ചു. ജില്ലയുടെ അതിര്‍ത്തി പഞ്ചായത്തുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ക്രമീകരണം ഏര്‍പ്പെടുത്തും. എന്നാല്‍ റോഡില്‍ മണ്ണിട്ട് തടസം സൃഷ്ടിക്കുന്ന സാഹചര്യമുണ്ടാവില്ലെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

മംഗളൂരുവില്‍ ദൈനംദിന ആവശ്യാര്‍ത്ഥം പോയ് വന്നിരുന്ന ആറ് പേര്‍ക്കാണ് അഞ്ച് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണ്. ചരക്കു വാഹനങ്ങളിലെത്തുന്ന തൊഴിലാളികള്‍ ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കുന്ന സാഹചര്യം ഒഴിവാക്കി ഭക്ഷണ പൊതികള്‍ നല്‍കാനാണ് പുതിയ തീരുമാനം.

അതേസമയം രാജ്യത്ത് ചരിത്ര സ്മാരകങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചുവെങ്കിലും ജൂലൈ 31 വരെ ബേക്കല്‍കോട്ട ഉള്‍പ്പെടെയുള്ള ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കില്ല. ഒരിടവേളയ്ക്ക് ശേഷം ശക്തമായ പ്രതിരോധം തീര്‍ത്ത് കൊവിഡിനെ നേരിടുകയാണ് കാസര്‍ഗോഡ്.

Story Highlights covid, restrictions ​​Kasaragod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top