സ്വർണക്കടത്തിൽ സ്വപ്‌നയുടെ സുഹൃത്ത് സന്ദീപ് മുഖ്യകണ്ണിയെന്ന് സൂചന

തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസ് അന്വേഷണം കൂടുതൽ പേരിലേക്ക്. സ്വപ്‌ന സുരേഷിന്റെ സുഹൃത്തും കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉടമയുമായ സന്ദീപിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. കേസിലെ മറ്റൊരു പ്രതി സരിത്തുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. സന്ദീപിന്റെ ഭാര്യനിലവിൽ കസ്റ്റംസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്യുന്നത് രണ്ട് മണിക്കൂർ പിന്നിട്ടു.
സന്ദീപിന്റെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് നിർവഹിച്ചത്. സന്ദീപുമായി സ്പീക്കറെ ബന്ധിപ്പിച്ചത് സ്വപ്‌നയാണെന്നാണ് വിവരം. ഇത് വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സന്ദീപിന്റെ ഭാര്യയെ ചോദ്യം ചെയ്തതിൽ നിന്ന് ചില നിർണായക വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. സന്ദീപ് ഇടയ്ക്കിടെ വിദേശത്ത് പോകാറുണ്ടെന്ന് സൗമ്യ കസ്റ്റംസിന് മൊഴി നൽകി. ചില സംശയങ്ങൾ തോന്നിയിരുന്നെങ്കിലും സ്വർണക്കടത്താണെന്ന് അറിഞ്ഞില്ലെന്ന് സൗമ്യ മൊഴി നൽകിയതായാണ് വിവരം.
അതേസമയം, സ്വപ്‌ന സുരേഷുമായി സന്ദീപിന് സുഹൃത്ത് ബന്ധമുണ്ടെന്ന് അമ്മ ഉഷ ട്വന്റിഫോറിനോട് പറഞ്ഞു. എന്നാൽ മകന് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്നും അമ്മ പറഞ്ഞു.
Story Highlights – Swapna suresh, Gold smuggling , Sandeep nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here