കൊവിഡ് വ്യാപനത്തിന്റെ ആശങ്ക ഒഴിയാതെ തിരുവനന്തപുരം നഗരം

trivandrum covid cases

കൊവിഡ് വ്യാപനത്തിന്റെ ആശങ്ക ഒഴിയാതെ തിരുവനന്തപുരം നഗരം. സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം പെരുകുന്നതില്‍ ജില്ലാ ഭരണകൂടത്തിനും കടുത്ത ആശങ്കയുണ്ട്. ജില്ലയിലെ ഗ്രാമീണ മേഖലയിലും സമ്പര്‍ക്കം വഴിയുള്ള രോഗബാധിതര്‍ വര്‍ധിക്കുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നേക്കും.

തലസ്ഥാനത്ത് സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളില്‍ അധികവും സമ്പര്‍ക്കത്തിലൂടെ ഉള്ളവയാണ്. നഗര പരിധിയില്‍ ആയിരുന്നു രോഗ വ്യാപനം കൂടുതല്‍ ഉണ്ടായിരുന്നത് എങ്കില്‍, കഴിഞ്ഞ ദിവസത്തെ കണക്ക് ഏറെ ആശങ്ക പടര്‍ത്തുന്നതാണ്.

മലയോര ഗ്രാമീണ മേഖലയായ ആര്യനാട്, അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പടെ ആറുപേര്‍ക്ക് രോഗം പടര്‍ന്നതിനെ അതീവ ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും കാണുന്നത്. ഇവരെല്ലാം നിരവധി ആളുകളുമായി അടുത്തിടപഴകുകയും ചെയ്തിട്ടുണ്ട്.

Read Also : എറണാകുളത്ത് വികേന്ദ്രീകൃത ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കും

തിരുവനന്തപുരത്തെ തീരദേശമേഖലകളിലും സ്ഥിതി സങ്കീര്‍ണമായി തുടരുകയാണ്. ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ പൂന്തുറയില്‍ ഇന്നലെ മാത്രം 28 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഒരു വയസു മുതല്‍ പതിനാല് വയസുവരെ പ്രായമുള്ള പത്ത് കുട്ടികളും ഇക്കൂട്ടത്തില്‍ ഉണ്ട്. വള്ളക്കടവാണ് കൊവിഡ് അതിവേഗം പടരുന്ന മറ്റൊരു പ്രദേശം.

ഏട്ടു പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇവിടങ്ങളില്‍ എല്ലാം രോഗം ബാധിച്ചവരില്‍ അധികവും ജനങ്ങളുമായി അടുത്ത് ഇടപഴകുന്നവരാണെന്നത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇവിടങ്ങളില്‍ ആന്റിജന്‍ പരിശോധനകള്‍ ഉള്‍പ്പെടെ വ്യാപകമാക്കാനും ആലോചനയുണ്ട്. കടുത്ത ആശങ്ക തുടരുന്ന മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും.

Story Highlights Thiruvananthapuram City, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top