വീടുകളിലെ വയറിംഗും സുരക്ഷാ പരിശോധനയും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്വന്തമായി ഒരു വീട് നിര്‍മിക്കുമ്പോള്‍ അതിന്റെ എല്ലാ ഘട്ടങ്ങളിലും നമ്മുടെ ശ്രദ്ധ എത്തണം എന്ന് ചിന്തിക്കാറില്ലേ..? കാരണം അത്രയേറെ ആഗ്രഹിച്ചശേഷമാവും പലരും വീട് എന്ന സ്വപ്‌നത്തിലേക്ക് എത്തുന്നത്. വീടിന്റെ പ്ലാന്‍ മുതല്‍ ഓരോ മുറികളും ഇഷ്ടാനുസരണം നിര്‍മിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. മുറികളുടെ ഡിസൈനിംഗ് മുതല്‍, പെയിന്റിംഗ് അടക്കം എല്ലാ കാര്യത്തിലും നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെല്ലാം കൂട്ടിച്ചേര്‍ക്കാറുണ്ട്. എന്നാല്‍ പലപ്പോഴും വീട്ടിലെ വയറിംഗിന്റെ കാര്യത്തില്‍ അത്ര ശ്രദ്ധ പലരും നല്‍കാറില്ല. ഇലക്ട്രീഷ്യനെ ഏല്‍പിച്ചുകഴിഞ്ഞാല്‍ വയറിംഗ് അവര്‍ ചെയ്‌തോളുമെന്നതാണ് പലരുടെയും ധാരണ. എന്നാല്‍ വീട്ടിലെ വയറിംഗിന്റെ കാര്യം അത്ര നിസാരമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. വീടിന്റെ വയറിംഗ് ചെയ്യുമ്പോഴും സുരക്ഷാ പരിശോധന നടത്തുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയില്‍ ചിലത്.
- വീട് പണി പൂര്‍ത്തിയാക്കി വൈദ്യുതി കണക്ഷന് കെഎസ്ഇബി ഓഫീസില്‍ അപേക്ഷ ഒപ്പിട്ടുകൊടുക്കും മുന്നേ വയറിംഗ് നടത്തിയ ലൈസന്‍സ് ഉള്ള ഇലക്ട്രീഷ്യനെ കൊണ്ട് 500 V ഇന്‍സുലേഷന്‍ ടെസ്റ്റര്‍ (മെഗ്ഗര്‍) ഉപയോഗിച്ച് വീട്ടിലെ വയറിംഗ് ഒന്നു ടെസ്റ്റ് ചെയ്യിക്കണം. അത് നേരില്‍ കാണുകയും വേണം
- എല്ലാ സ്വിച്ചുകളും ഓണ്‍ ചെയ്ത് എല്ലാ വൈദ്യുതോപകരണങ്ങളും ലൈനില്‍ നിന്ന് ഒഴിവാക്കി മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് മെയിന്‍ സ്വിച്ചിലെയോ ഡിസ്ട്രിബൂഷന്‍ ബോക്‌സിലേയോ ന്യൂട്രലിനും ഫെയിസിനും ഇടയില്‍ ഇന്‍സുലേഷന്‍ ടെസ്റ്റര്‍ ഉപയോഗിച്ച് വൈദ്യുതി പ്രതിരോധം അളക്കണം.

- അങ്ങനെ ചെയ്യുമ്പോള്‍ രണ്ട് മെഗാഓം മിനിമം ഇന്‍സുലേഷന്‍ റെസിസ്റ്റന്‍സ് കിട്ടണം. സിങ്കിള്‍ ഫേസ് വൈദ്യുതി കണക്ഷനാണെങ്കില്‍ ഒരു മെഗാഓം ആയാലും ഭദ്രം (പുതിയ വയറിംഗ് ആണെങ്കില്‍ ഫെയിസിനും ന്യൂട്രലിനും ഇടയില്‍ ഏറെ ഉയര്‍ന്ന പ്രതിരോധ ശേഷി ഉണ്ടാകും പഴയ വയറിംഗ് പരിശോധിക്കുമ്പോള്‍ മിനിമിം വേണ്ടതാണ് രണ്ട് മെഗാഓം എന്നത്).
- രണ്ടാമതായി മെയിന്‍ സ്വിച്ച് ഓഫാക്കിയ നിലയില്‍ മറ്റെല്ലാ സ്വിച്ചുകളും ഓണ്‍ ചെയ്ത് എല്ലാ വൈദ്യുതോപകരണങ്ങളും കണക്റ്റ് ചെയ്ത നിലയില്‍ ഫെയിസോ ന്യൂട്രലോ ഏതെങ്കിലും ഒരു പോയിന്റിനും എര്‍ത്ത് പോയിന്റിനും ഇടയില്‍ വൈദ്യുതി പ്രതിരോധം മേല്‍ ഇന്‍സുലേഷന്‍ ടെസ്റ്റര്‍ (മെഗ്ഗര്‍) ഉപയോഗിച്ച് അളക്കണം. മിനിമം രണ്ട് മെഗാഓം പ്രതിരോധം ലഭിക്കണം.
- തുടര്‍ന്ന് എര്‍ത്ത് ടെസ്റ്റര്‍ കൊണ്ട് വന്ന് വീട്ടിലെ എര്‍ത്ത് പൈപ്പിന്റെ വൈദ്യുതി പ്രതിരോധം അളക്കണം.
- എര്‍ത്ത് ടെസ്റ്ററിന് നാല് പോയിന്റ് ആണ് ഉള്ളത്. E1, P1, P2, E2 എന്നിങ്ങനെ എര്‍ത്ത് ടെസ്റ്ററിനൊപ്പമുള്ള സ്‌പൈക്ക് എന്ന് അറിയപ്പെടുന്ന ചിലപ്പോള്‍ ഒരു അര അടി നീളമുള്ള സ്റ്റീല്‍ ദണ്ഡ് എര്‍ത്ത് പിറ്റില്‍ നിന്നും 10 മീറ്റര്‍ അകലത്തില്‍ ഒന്ന്, 15 മീറ്റര്‍ അകലത്തില്‍ മറ്റൊന്ന് എന്ന ക്രമത്തില്‍ എര്‍ത്തുപിറ്റും രണ്ടു ദണ്ഡുകളും ഒരേ നേര്‍രേഖയില്‍ വരുത്തക്കവണ്ണം ഭൂമിയില്‍ താഴ്തി ഉറപ്പിക്കണം.

- ശേഷം എര്‍ത്ത് ടെസ്റ്ററില്‍ E1-P1 എന്നീ പോയിന്റുകള്‍ തമ്മില്‍ ഷോര്‍ട്ട് ചെയ്ത് എര്‍ത്തുപിറ്റുമായി എര്‍ത്ത് ടെസ്റ്ററില്‍ നല്‍കിയിട്ടുള്ള വൈദ്യുതി കേബിള്‍ ഉപയോഗിച്ച് ബന്ധിപ്പിക്കണം.
- അതുപോലെ, എര്‍ത്ത് ടെസ്റ്ററിലെ P2 പോയിന്റ് 10 മീറ്ററില്‍ സ്ഥാപിച്ചിട്ടുള്ള ദണ്ഡുമായും E2 പോയിന്റ് 15 മീറ്ററില്‍ സ്ഥാപിച്ചിട്ടുള്ള ദണ്ഡുമായും ബന്ധിപ്പിക്കണം.
- എന്നിട്ട് എര്‍ത്ത് ടെസ്റ്ററിലെ കൈപ്പിടി ഒരു മിനിറ്റില്‍ 160 പ്രാവശ്യം എന്ന കണക്കില്‍ കറക്കുമ്പോള്‍ മീറ്ററിലെ ജനറേറ്ററില്‍ ഇലക്ട്രോണുകളെ തള്ളിനീക്കാനാവശ്യമായ നിശ്ചിത ബലം (EMF അഥവാ വോള്‍ട്ടേജ് ) ഉണ്ടാകുകയും അത് പോയിന്റ് E1 നും E2 നും ഇടയില്‍ മണ്ണിലൂടെ ഒരു വൈദ്യുതി പ്രവാഹം സൃഷ്ടിക്കുകയും ആ വൈദ്യുതി പ്രവാഹത്തിന്റെ അളവും പോയിന്റ്് P1 നും P2 നും ഇടയ്ക്കുള്ള വൈദ്യുതി ബല വ്യതിയാനവും (പൊട്ടന്‍ഷ്യല്‍ ഡിഫ്രന്‍സ് ) എത്രയെന്നറിയുന്ന എര്‍ത്ത് ടെസ്റ്റര്‍ തന്റെ സ്‌ക്രീനില്‍ എര്‍ത്ത് പൈപ്പിന്റെ പ്രതിരോധം ഓം എന്ന യൂണിറ്റില്‍ നമ്മെ കാണിച്ചുതരുന്നത് നാം കണ്‍നിറയെ കാണണം.

- വീട്ടിലെ സുരക്ഷയ്ക്കായ് സര്‍വ്വീസ് കണക്ഷന്‍ പോയന്റിലെ ഈ എര്‍ത്ത് റെസിസ്റ്റ്ന്‍സ് എല്ലായ്‌പ്പോഴും നാല് ഓമില്‍ കൂടരുത്.
- കണ്ടക്റ്ററുകള്‍ക്കിടയിലെ (ഫെയിസിനും ന്യൂട്രലിനും) വൈദ്യുതി പ്രതിരോധം രണ്ട് മെഗാ ഓമിന് മുകളില്‍ ഉണ്ടാകണം.
- കണ്ടക്റ്ററുകള്‍ക്കും എര്‍ത്തിനും ഇടയില്‍ രണ്ട് മെഗാ ഓമിന് മുകളില്‍ വൈദ്യുതി പ്രതിരോധം ഉണ്ടാകണം.
- എര്‍ത്ത് കണ്ടിന്യൂവിറ്റി നാല് ഓമിന് താഴെയായിരിക്കണം.
(കെഎസ്ഇബി ദ്യുതി പ്രോജക്ട് മോണിറ്ററിംഗ് ഡിവിഷനിലെ സബ് എഞ്ചിനിയറായ എ സി സാബു എഴുതിയത്)
Story Highlights – Home electricity, safety inspections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here