നടൻ സാന്റോ കൃഷ്ണന് ആദരാഞ്ജലി അർപ്പിച്ചുള്ള സന്ദേശങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ[24 fact check]

-/ രഞ്ജു മത്തായി
ആദ്യകാല നടൻമാരിൽ ഒരാളായ സാന്റോ കൃഷ്ണന് ആദരാഞ്ജലി അർപ്പിച്ചുള്ള നിരവധി പോസ്റ്റുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 2013 ൽ നമ്മളോട് വിടപറഞ്ഞ സാന്റോ കൃഷ്ണനുമായി ബന്ധപ്പെട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ പിന്നിലെ സത്യാവസ്ഥ എന്താണ്? ഒന്ന് പരിശോധിക്കാം.
വാർത്തയിലെ സത്യാവസ്ഥ
3500 ലേറെ സിനിമകളിൽ അഭിനയിച്ച സാന്റോ കൃഷ്ണൻ വിട പറയുമ്പോൾ അനുശോചന പ്രവാഹമില്ല, ചാനലുകളിൽ ബ്രേക്കിംഗോ, സ്‌ക്രോളിംഗോ പോലുമില്ല. ഗ്ലാമർ ഇല്ലാത്തവന്റെ മരണം ആർക്കു വേണം. എന്നിങ്ങനെ പോകുന്നു ഒരു പോസ്റ്റിലെ വരികൾ. വാട്‌സപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന സന്ദേശമാണ് ഇത്. ഈ വാർത്ത എന്തേ നൽകുന്നില്ല എന്ന് ചോദിച്ച് ഞങ്ങളുടെ ന്യൂസ് റൂമിലേക്ക് പോലും പലരും വിളിച്ചു. യഥാർത്ഥത്തിൽ 7 വർഷം മുൻപേ നമുക്ക് ഇടയിൽ നിന്ന് മറഞ്ഞ് പോയതാണ് സാന്റോ കൃഷ്ണൻ എന്ന കൃഷ്‌ണേട്ടൻ. 2013 ജൂലൈ 6 നാണ് ഇദ്ദേഹം അന്തരിച്ചത്. 96-ാം വയസിൽ പാലക്കാട് ലക്കിടിയിൽവച്ചായിരുന്നു ഇദ്ദേഹത്തിന്റെ മരണം. അന്ന് മാധ്യമങ്ങളെല്ലാം അദ്ദേഹത്തിന്റെ മരണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സമ്പൂർണ രാമായണത്തിലെ ഭക്തഹനുമാനാണ് സാന്റോ കൃഷ്ണനെ പ്രശസ്തനാക്കിയത്.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, സിംഹള ഭാഷകളിലായി രണ്ടായിരത്തോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1935ൽ മഹാവീര ഭീമൻ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിച്ചു. മീശമാധവനായിരുന്നു സാന്റോ കൃഷ്ണന്റെ അവസാന ചിത്രം.
തിക്കുറിശ്ശി, സത്യൻ, നസീർ, മുതുകുളം രാഘവൻപിള്ള, കൊട്ടാരക്കര ശ്രീധരൻനായർ തുടങ്ങിയ മുൻനിര താരങ്ങളുമായി സൗഹൃദമുണ്ടായിരുന്ന കൃഷ്ണനെ തിക്കുറിശ്ശി ഹനുമാൻകുട്ടിയെന്നാണു വിളിച്ചിരുന്നത്. സ്വാതന്ത്രസമരസേനാനികൂടിയിയിരുന്നു സാന്റോ കൃഷ്ണൻ. ശീർകാഴി സത്യാഗ്രഹത്തിലും ഉപ്പു സത്യാഗ്രഹത്തിലും പങ്കെടുക്കുകയും പൊലീസ് മർദ്ദനവും ജയിൽ ശിക്ഷയും അനുഭവിക്കുകയും ചെയ്തിരുന്നു ഇദ്ദേഹം.
ജീവിച്ചിരിക്കുന്ന പ്രമുഖർ മരിച്ചു എന്ന് പ്രചരിപ്പിക്കുന്നത് ഇപ്പോൾ ഒരു പുതിയ കാര്യമല്ലാതായി മാറിയിരിക്കുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എസ് ജാനകിയുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച വ്യാജവാർത്ത. വർഷങ്ങൾക്ക് മുൻപ് തിരശീലക്ക് പിന്നിൽ മറഞ്ഞു പോയ ഒരു അതുല്യ നടനോടാണ് ഇപ്പോഴത്തെ ചിലരുടെ ക്രൂരത. മറ്റുള്ളവരുടെ മരണത്തെ ക്കുറിച്ച് വ്യാജവാർത്ത ചമയ്ക്കുന്നത് നിർഭാഗ്യവശാൽ ചിലർക്ക് ഒരു വിനോദമായിരിക്കാം. എന്നാൽ, പരിഷ്‌കൃത സമൂഹത്തിന് ചേർന്നതാണോ ഇത്തരം പ്രവൃത്തികളെന്ന് മാത്രം ഇത്തരം വാർത്തകൾ കെട്ടിച്ചമയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
Story Highlights – santo krishnan, fake news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here