തിരുവനന്തപുരത്തെ സ്ഥിതി ഗുരുതരം: പൂന്തുറയില്‍ ആറ് ടീമുകളെ പരിശോധനക്കായി നിയോഗിച്ചു: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം നഗരം അതീവ ഗുരുതരമായ സ്ഥിതിയിലൂടെ കടന്നു പോവുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരം നഗരസഭ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണും നഗരസഭയ്ക്ക് കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകളെ ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാര്‍ഡുകളെ ബഫര്‍ സോണുകളായും പ്രഖ്യാപിച്ചിട്ടുണ്ട്.
പൂന്തുറയില്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പൊലീസിന് കീഴിലുള്ള കമാന്‍ഡോ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് മുഖേന ആ പ്രദേശത്തെ എംഎല്‍എ, കൗണ്‍സിലര്‍, രാഷ്ട്രീയ നേതാക്കള്‍, മത-സാമുദായിക നേതാക്കള്‍ തുടങ്ങിയവരുമായി ഇന്നലെ ചര്‍ച്ച നടത്തി. സാമൂഹിക അകലം പാലിക്കുന്നതിന് ബോധവത്കരണം നടത്തുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അവരുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അഗ്രസീവ് ആയിട്ടുള്ള ടെസ്റ്റിംഗ് ആണ് പ്രദേശത്തു സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരു ടീമിന്റെ പരിശോധന ആണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ആറ് ടീമിനെ പരിശോധനക്കായി നിയോഗിച്ചിട്ടുണ്ട്. വരുന്ന ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകളെ മുഴുവന്‍ ടെസ്റ്റിംഗിന് വിധേയമാക്കാന്‍ ഉള്ള ശ്രമങ്ങളാണ് നടത്തുന്നത്. പോസിറ്റിവ് ഫലം വരുന്ന മുഴുവന്‍ പേരെയും ഉടന്‍ തന്നെ ഹോസ്പിറ്റലൈസ് ചെയ്യാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ഈ മേഖലയില്‍ ആംബുലന്‍സുകളുടെ എണ്ണം വര്‍ധിപ്പിക്കും.
Read Also : തിരുവനന്തപുരം ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളും ബഫർ സോണുകളും പ്രഖ്യാപിച്ചു
ഈ പ്രദേശങ്ങളില്‍ പാല്‍, പലചരക്ക്, റേഷന്‍ കടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതല്‍ 11 മണിവരെ പ്രവര്‍ത്തിക്കാം. 11 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരില്‍ നിന്നും സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ സര്‍ക്കാര്‍ നല്‍കുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷന്‍ കടകള്‍ വഴി ലഭിക്കും. ഇന്ന് പൂജ്യം മുതല്‍ മൂന്ന് വരെ നമ്പരുകളില്‍ അവസാനിക്കുന്ന കാര്‍ഡുകാരും നാളെ നാല് മുതല്‍ ആറ് വരെ അവസാനിക്കുന്ന കാര്‍ഡുകാരും ജൂലൈ 11ന് ഏഴ് മുതല്‍ ഒന്‍പതു വരെ അവസാനിക്കുന്ന കാര്‍ഡുകാരും റേഷന്‍ വാങ്ങാനെത്തണം. ബാങ്ക,/ബാങ്കിംഗ് അനുബന്ധ സ്ഥാപനങ്ങള്‍ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ പാടില്ല. പൊതുജനങ്ങള്‍ മെഡിക്കല്‍, ഭക്ഷ്യ ആവശ്യങ്ങള്‍ക്കല്ലാതെ വീടിനു പുറത്തിറങ്ങാന്‍ പാടില്ല. പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകുന്നില്ലെന്ന് കോസ്റ്റ് ഗാര്‍ഡും, കോസ്റ്റല്‍ പൊലീസും ഉറപ്പാക്കും.
പൂന്തുറ, പുത്തന്‍പള്ളി, മാണിക്യക്കല്ല് മേഖലയില്‍ ഒട്ടേറെ പാവപ്പെട്ടവര്‍ വസിക്കുന്ന ഇടമാണ്. അതിനാല്‍ മാസ്‌കും സാനിറ്റൈസറും സ്വന്തം നിലക്ക് വാങ്ങാന്‍കഴിയാത്തവര്‍ക്കായി കൗണ്‍സിലര്‍മാര്‍ മുഖേന നഗരസഭ അവ വിതരണം ചെയ്യും. 24 മണിക്കൂറും ടെലി ഡോക്ടര്‍ സേവനം ലഭ്യമാക്കുന്നതിനായി കളക്ടറേറ്റിലെ വാര്‍ റൂമില്‍ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയുടെ തീരദേശ മേഖലയില്‍ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. പൂന്തുറയില്‍ നിന്ന് തമിഴ്നാട്ടിലേക്കും തമിഴ്നാട്ടില്‍ നിന്നും പൂന്തുറയിലേക്കും മത്സ്യബന്ധന ബോട്ടുകള്‍ പോകുന്നതും അനുവദിക്കില്ല. കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്ക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ക്ക് ഇതിനാവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Story Highlights – trivandrum covid, Minister Kadakampally Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here