രാജ്യത്ത് 24 മണിക്കൂറിനിടെ 26,506 കൊവിഡ് പോസിറ്റീവ് കേസുകൾ; 475 പേർക്ക് ജീവൻ നഷ്ടമായി

covid national

രാജ്യത്ത് 26000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 26,506 പോസിറ്റീവ് കേസുകളും 475 മരണവും റിപ്പോർട്ട് ചെയ്തു. പുതിയ കേസുകളുടെ 58.55 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്. അതേസമയം, രോഗമുക്തി നിരക്ക് 62.42 ശതമാനമായി ഉയർന്നു. ഹൈഡ്രോക്‌സിക്ലോറോക്വീൻ മരുന്ന് ഗുരുതര രോഗികൾക്ക് നൽകരുതെന്ന് ആരോഗ്യമന്ത്രാലയം നിർദേശം നൽകി.

റെക്കോർഡ് വേഗത്തിലാണ് രാജ്യത്ത് പുതിയ രോഗികളുടെ എണ്ണം ഉയരുന്നത്. 26,506 പുതിയ കേസുകളിൽ 15,521ഉം മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ നിന്ന് 6875ഉം തമിഴ്‌നാട്ടിൽ 4231ഉം ഡൽഹിയിൽ 2187ഉം കർണാടകയിൽ 2,228ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ബംഗളൂരുവിൽ മേഖല തിരിച്ച് മന്ത്രിമാർക്ക് ചുമതല നൽകി. ഉത്തർപ്രദേശിൽ പതിമൂന്നാം തീയതി പുലർച്ചെ വരെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

ഗുജറാത്തിൽ മരണങ്ങൾ 2000 കടന്നു. തെലങ്കാന, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ആന്ധ്ര സംസ്ഥാനങ്ങളിൽ പുതിയ രോഗികളുടെ എണ്ണം വർധിക്കുകയാണ്. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ എട്ട് ലക്ഷത്തിന് അരികെയെത്തി. 793,802 ആണ് ഒടുവിലത്തെ കണക്ക്. മരണങ്ങൾ 21,604 ആയി ഉയർന്നു. ഇന്നലെ 283,659 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. അതേസമയം, 24 മണിക്കൂറിനിടെ 19,135 പേർ രോഗമുക്തരായി. ആകെ രോഗമുക്തർ 495,512 ആണ്

Story Highlights covid cases, national,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top