ലോക്ക്ഡൗൺ അനാവശ്യമെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരണം; പിന്നീട് പോസ്റ്റ് പിൻവലിച്ച് അഹാന കൃഷ്ണകുമാർ

തിരുവനന്തപുരത്ത് ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്‌ഡൗൺ അനാവശ്യമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് നടി അഹാന കൃഷ്ണകുമാർ. ആരോപണങ്ങളൊക്കെ ഭാവനയിൽ നിന്ന് ഉണ്ടായതാണെന്നും താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അഹാന തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. എന്നാൽ ഉടൻ തന്നെ ഈ പോസ്റ്റ് അവർ നീക്കം ചെയ്തു.
അഹാനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
എന്നോട് വാർത്ത കാണാൻ ആവശ്യപ്പെടുന്നവരോടും, നമ്മുടെ രാജ്യത്തെയും സംസ്ഥാനത്തെയും നഗരത്തിലെയും കൊവിഡ് അവസ്ഥയെപ്പറ്റി ഞാൻ ബോധവതിയല്ലെന്ന് പറയുന്നവരോടും, ദയവു ചെയ്ത് സത്യാവസ്ഥ അറിയാൻ ശ്രമിക്കുക.
ലോക്ക്ഡൗൺ അനാവശ്യമെന്ന് ഒരിടത്തും ഞാൻ പറഞ്ഞിട്ടില്ല. കഴിയുമെങ്കിൽ നിങ്ങൾ തെളിവ് കൊണ്ട് വരൂ. ആരോപണങ്ങൾ ആരുടെയൊക്കെയോ ഭാവനയിൽ നിന്ന് ഉണ്ടായവയാണ്. ഞാനൊന്ന് പറഞ്ഞു. മറ്റൊരാൾ അത് മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ചു. വായിൽ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുൻപ് സത്യാവസ്ഥ എന്തെന്ന് ദയവായി മനസ്സിലാക്കുക. എനിക്ക് മറ്റൊന്നും പറയാനില്ല. ഇത്തരം വിദ്വേഷങ്ങളോട് ഞാൻ പ്രതികരിക്കുന്നുമില്ല. പക്ഷേ, ഉത്തരവാദിത്തമുള്ള ഒരു പൗരൻ എന്ന നിലയിൽ, കൊവിഡ് മഹാമാരിയോട് നിർവികാരമായി പ്രതികരിച്ചു എന്ന ആരോപണത്തോട് പ്രതികരിക്കുക എൻ്റെ കടമയാണ്. അത് അംഗീകരിക്കാനാവില്ല.
തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനു പിന്നാലെ അഹാന പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വിവാദമായത്. സ്വർണക്കടത്ത് കേസ് പുറത്തായതിനു പിന്നാലെ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു എന്നായിരുന്നു താരം പോസ്റ്റ് ചെയ്തത്. ഇതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

Story Highlights – ahaana krishna facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here