കൊവിഡ് പ്രതിരോധത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതിന് മുന്‍പിലുള്ളത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

കൊവിഡ് പോരാട്ടത്തെ അട്ടിമറിക്കുന്നതിന്, സമൂഹത്തെയാകെ അത്യാപത്തിലേക്ക് തള്ളിവീഴ്ത്തുന്നതിന് ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ തെറ്റായ പ്രചാരണവുമായി ചിലര്‍ രംഗത്ത് എത്തുന്നു. ദൗര്‍ഭാഗ്യവശാല്‍ യുഡിഎഫ് നേതാക്കളാണ് അതിന് മുന്നില്‍ നില്‍ക്കുന്നത്. ഈ മേഖലയിലെ രോഗ സാധ്യതയുള്ള ജനങ്ങളെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കുന്നതിന് എതിരെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് വാട്‌സ്ആപ്പിലൂടെ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
Read Also : സംസ്ഥാനത്തിന്റെ കൊവിഡ് പോരാട്ടത്തെ അട്ടിമറിക്കുന്നതിന് ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുന്നു: മുഖ്യമന്ത്രി
ആന്റിജന്‍ ടെസ്റ്റ് വെറുതെയാണെന്നും ജലദോഷമുണ്ടെങ്കില്‍ പോലും പോസിറ്റീവാകുമെന്നും അങ്ങനെ നിരീക്ഷണ കേന്ദ്രത്തില്‍ പോയാല്‍ കൊവിഡ് ബാധിക്കുമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രചരിപ്പിച്ചത്. ടെസ്റ്റ് നടത്തുന്നത് രോഗഭീതി പരത്താനാണെന്നും പൂന്തുറക്കാരോടുള്ള പ്രത്യേക വൈരാഗ്യം തീര്‍ക്കാനാണെന്നും പ്രചാരണമുണ്ടായി. തെരുവിലിറങ്ങിയാല്‍ ഓരോരുത്തര്‍ക്കും സര്‍ക്കാര്‍ സഹായം ലഭിക്കും എന്നും പ്രചരിപ്പിച്ചു. ഇതിന്റെ ഭാഗമായി 100 പേര്‍ അടങ്ങുന്ന സംഘം രാവിലെ ചെറിയമുട്ടത്ത് തടിച്ചുകൂടി.
തിരുവനന്തപുരത്ത് മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി, കുമരി ചന്ത തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനപ്പെട്ട ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ രോഗവ്യാപനത്തിന് കാരണമായ ഇന്റക്‌സ് കേസ് കന്യാകുമാരി ഹാര്‍ബറില്‍ നിന്ന് മത്സ്യം എടുത്ത് കുമരിചന്തയില്‍ വില്‍പന നടത്തിയ മത്സ്യവ്യാപാരിയാണ്. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍, വീടുകളില്‍ മത്സ്യം കച്ചവടം നടത്തുന്നവര്‍, ചുമട്ട് തൊഴിലാളികള്‍, ലോറി ഡ്രൈവര്‍മാര്‍ തുടങ്ങി അടുത്തിടപഴകിയ 13 പേരിലാണ് ആദ്യം രോഗം ബാധിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ജില്ലാ കളക്ടര്‍, മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ യോഗം ചേരുകയും തിരുവനന്തപുരം കോര്‍പറേഷനില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു.
Read Also : സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകളുടെ ഏറ്റവും ഉയര്‍ന്ന നിരക്ക്
2000 വൊളന്റിയര്‍മാരുടെ സഹായത്തോടെ നോട്ടീസ് വിതരണവും നടത്തിയിരുന്നു. ഹെല്‍പ് ഡെസ്‌കുകളും ആരംഭിച്ചു. ഇതുവരെ തിരുവനന്തപുരത്തെ പ്രശ്‌ന ബാധിതമായ മൂന്ന് വാര്‍ഡുകളില്‍ മാത്രം 1192 ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തി. അതില്‍ 243 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പാലിയേറ്റീവ് രോഗികളെ രോഗ വ്യാപനത്തില്‍ നിന്ന് രക്ഷിക്കാന്‍ പരിരക്ഷ എന്ന പേരില്‍ റിവേഴ്‌സ് ക്വാറന്റീന്‍ നടപ്പിലാക്കുന്നുണ്ട്. ഇത്തരത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമ്പോഴാണ് തെറ്റായ പ്രചാരണവുമായി ചിലര്‍ രംഗത്ത് എത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – Congress leaders in front of false propaganda about covid defense cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here