പൂന്തുറയിലേത് ഗുരുതര സാഹചര്യമെന്ന് ആരോഗ്യ മന്ത്രി; സംഘർഷമുണ്ടായത് അപകടകരം

തിരുവനന്തപുരം പൂന്തുറയിലെ കൊവിഡ് വ്യാപനത്തിൽ സ്ഥിതി ഗുരുതരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പൂന്തുറയിലും മണക്കാടും സൂപ്പർ സ്‌പ്രെഡ് ആണ് ഉണ്ടായിരിക്കുന്നത്. പരിശോധന കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. പൂന്തുറയിൽ സംഘർഷമുണ്ടായത് അപകടകരമെന്നും ആരോഗ്യ മന്ത്രി. സംഘർഷമുണ്ടായത് ആരുടെ പ്രേരണയായാലും ഏത് പ്രശ്‌നത്തിന്റെ ഭാഗമായാലും അപകടകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. മാസ്‌ക് പോലും ധരിക്കാതെയാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. ഇത് കൈവിട്ട കളിയാണെന്നും ശൈലജ.
ആറാം തീയതി മുതൽ നടത്തിയത് 1,192 ടെസ്റ്റാണ്. അതിൽ 242 പേർ കൊവിഡ് പോസിറ്റീവായത് ആശങ്കയുളവാക്കുന്ന കാര്യമാണ്. കുട്ടികളുടെയും വയസായവരുടെയും സുരക്ഷക്കായി കർശന നിയന്ത്രണം അനിവാര്യമാണ്. ആന്റിജൻ പരിശോധന വിശ്വാസ യോഗ്യമാണ്. മറിച്ചുള്ള പ്രചാരണം തെറ്റെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർ നടത്തുന്നത് ത്യാഗപൂർണമായ പ്രവർത്തനമാണ്.
Read Also : പൂന്തുറയിൽ ലോക്ക് ഡൗൺ ലംഘനം; നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി
ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്തെ പൂന്തുറയിൽ ജനങ്ങൾ തെരുവിലിറങ്ങി പൊലീസിനെ തടഞ്ഞിരുന്നു. രാവിലെ പത്ത് മണിയോടെയാണ് പൂന്തുറയിൽ നാട്ടുകാർ പൊലീസിനേയും ആരോഗ്യ പ്രവർത്തകരേയും തടഞ്ഞുവച്ചത്. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരം നഗരത്തിലെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണാണ് പൂന്തുറ. കഴിഞ്ഞ മൂന്ന് ദിവസമായി 160ഓളം പേർക്കാണ് സമ്പർക്കത്തിലൂടെ ഇവിടെ രോഗം പിടിപെട്ടത്.
ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് പൂന്തുറ ക്രിസ്ത്യൻ പള്ളിയുടെ മുന്നിലായിരുന്നു ഉപരോധം. കൊവിഡ് പരിശോധന നടത്താനെത്തിയ ആരോഗ്യപ്രവർത്തകരേയും നാട്ടുകാർ തടഞ്ഞു. ഭക്ഷണസാധനങ്ങൾ വാങ്ങാൻ പൊലീസ് അനുവദിക്കുന്നില്ലെന്നും കൊവിഡ് പോസിറ്റീവായി കണ്ടെത്തിയവർക്ക് കാരക്കോണം ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്നുമായിരുന്നു നാട്ടുകാരുടെ പരാതി. അടുത്ത പ്രദേശമായ മാണിക്യവിളാകത്തും പുത്തൻപള്ളിയിലുമുള്ള കൊവിഡ് രോഗികളുടെ കണക്ക് കൂടി ചേർത്ത് പൂന്തുറയെ അപമാനിക്കാൻ ശ്രമം നടത്തുകയാണെന്നും ഇവർ ആരോപിച്ചു. ഉപരോധത്തിൽ നേരിയ തോതിൽ സംഘർഷവുമുണ്ടായി.
തുടർന്ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണർ ഐശ്വര്യ ദോംഗ്രെ ഇടവക പള്ളി വികാരി ബിൻസണുമായി ചർച്ച നടത്തി. ഭക്ഷ്യ വസ്തുക്കൾ വാങ്ങാനായി രാവിലെ 7 മുതൽ 11 വരെ കടകൾ തുറക്കുമെന്നും ആശുപത്രിയിൽ മതിയായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുമെന്നും പൊലീസ് ഉറപ്പ് നൽകി. മറ്റു പ്രദേശങ്ങളിലുള്ള കൊവിഡ് കണക്ക് പൂന്തുറയുടെ പേരിൽ ചേർക്കുന്നത് ഒഴിവാക്കാൻ നടപടിയെടുക്കും. പൊലീസിന്റെ ഉറപ്പിനെ തുടർന്ന് പന്ത്രണ്ട് മണിയോടെ നാട്ടുകാർ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
Story Highlights – covid, k k shailaja, poonthura
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here