കേരളത്തിലെ കൊവിഡ് കേസുകളുടെ കണക്കുകൾ പിണറായി സർക്കാർ മറച്ചുവയ്ക്കുന്നു; ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ

കൊവിഡിനെ നേരിടുന്നതിൽ കേരള സർക്കാരിന്റെ സമീപനം നിഷേധാത്മകമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. നിഷേധാത്മക സമീപനം മൂലം കൊവിഡ് പ്രതിസന്ധിയെ കേരളം രൂക്ഷമാക്കിയെന്നാണ് നഡ്ഡയുടെ ആരോപണം. വിഡിയോ കോൺഫറൻസ് വഴി കാസർഗോഡെ ബിജെപി ഓഫീസ് ഉദ്ഘടനം ചെയ്ത ശേഷം വെർച്വൽ റാലിയിലൂടെ കേരളത്തിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ജെപി നഡ്ഡയുടെ ആരോപണം.
രോഗവിവരത്തിന്റെ യഥാർത്ഥ കണക്കുകൾ മറച്ചുവയ്ക്കാനാണ് പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നതെന്നാണ് ബിജെപി പ്രസിഡന്റ് പറയുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പരിശോധനകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും സംസ്ഥാനത്തിന് നിഷേധാത്മക മനോഭവമായിരുന്നുവെന്നും നഡ്ഡ കുറ്റപ്പെടുത്തി. കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി അധ്യക്ഷന്റെ കുറ്റപ്പെടുത്തൽ.
വേണ്ടത്ര ക്വാറന്റീൻ കേന്ദ്രങ്ങൾ ക്രമീകരിച്ചുവെന്ന കേരളത്തിന്റെ അവകാശവാദം തെറ്റായിരുന്നുവെന്നും ജനങ്ങളെ സർക്കാർ ദുരിതത്തിലാക്കിയെന്നും നഡ്ഡ പറഞ്ഞു. വയനാട്ടിൽ കുടിയേറ്റ തൊഴിലാളികൾ സംസ്ഥാന സർക്കാരിനെതിരേ സമരം നടത്തി. സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് കേരള ഹൗസ് വിട്ടു നൽകി. എന്നാൽ അത്യാവശ്യമുള്ള മലയാളി നഴ്സുമാർക്ക് നൽകിയില്ലെന്നും ജെപി നഡ്ഡ പറഞ്ഞു.
Story Highlights – covid cases in Kerala,BJP national president jp nadda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here