സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും റിമാൻഡ് ചെയ്തു

സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും റിമാൻഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് കൊച്ചി എൻഐഎ പ്രത്യേക കോടതി റിമാൻഡ് ചെയ്തത്. എൻഐഎ പ്രത്യേക കോടതി ജഡ്ജ് പി കൃഷ്ണ കുമാറിന്റേതാണ് നടപടി. അതേസമയം, കസ്റ്റഡി അപേക്ഷ സമർപ്പിക്കപ്പെട്ടിട്ടില്ല. റിമാൻഡ് കാലയളവിൽ സ്വാഭാവിക നടപടി ക്രമങ്ങളുടെ ഭാഗമായി കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് എൻഐഎയുടെ തീരുമാനം.
പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം ലഭിക്കാത്ത സാഹചര്യത്തിൽ ഇരുവരേയും കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. അതേസമയം, പ്രതികളുടെ ഭാഗത്ത് നിന്ന് ജാമ്യാപേക്ഷ ഇതുവരെ സമർപ്പിക്കപ്പെട്ടിട്ടില്ല.
ഇന്നലെ രാത്രി പിടിയിലായ സ്വപ്നയെയും സന്ദീപിനെയും കൊണ്ട് ഇന്ന് പുലർച്ചെയാണ് അന്വേഷണ സംഘം റോഡ് മാർഗം കൊച്ചിയിലേക്ക് പുറപ്പെട്ടത്. രണ്ട് വണ്ടികളിലായി പുറപ്പെട്ട സംഘത്തിന് നേരെ വാളയാർ, പാലിയേക്കര, ചാലക്കുടി, കൊരട്ടി, എന്നിവിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. പാലിയേക്കരയിൽ പ്രതിഷേധിക്കാരെ ഒഴിവാക്കാൻ എതിർവശത്തേക്കുള്ള ട്രാക്കിലൂടെയാണ് എൻഐഎ വാഹനവ്യൂഹം സഞ്ചരിച്ചത്. വടക്കഞ്ചേരിക്ക് സമീപം സംഘത്തിലെ ഒരു വാഹനത്തിന്റെ ടയർ പഞ്ചറായി. തുടർന്ന് മറ്റൊരു വാഹനത്തിലാണ് എൻഐഎ ആസ്ഥാനത്ത് എത്തിച്ചത്.
Story Highlights – swapna suresh, sandeep nair, remanded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here