Advertisement

പ്രതികളുമായി അടുപ്പമുള്ള ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതില്‍ ദുരൂഹത: മുല്ലപ്പള്ളി രാമചന്ദ്രന്‍

July 13, 2020
Google News 1 minute Read
mullapally

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളുമായി അടുത്തബന്ധം സൂക്ഷിക്കുന്ന മുന്‍ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിനെ മുഖ്യമന്ത്രി ഇപ്പോഴും സംരക്ഷിക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഓരോ ദിവസവും ശിവശങ്കറിനെതിരെ കൂടുതല്‍ ആരോപണങ്ങളാണ് ഉയരുന്നത്. എന്നാല്‍ അതെല്ലാം വെറും പുകമറയെന്ന നിലയിലാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ നിലപാട് വിചിത്രമാണ്. ശിവശങ്കറിനെ പിണക്കിയാല്‍ മുഖ്യമന്ത്രി അപകടത്തിലാകുമോയെന്ന് ഭയക്കുന്നു. മുഖ്യമന്ത്രിയെ മുന്‍നിര്‍ത്തി കഴിഞ്ഞ നാലുവര്‍ഷമായി ശിവശങ്കര്‍ പിന്‍സീറ്റ് ഭരണം നടത്തുകയായിരുന്നു. മുഖ്യമന്ത്രിക്ക് ഭരണത്തില്‍ ഒരു നിയന്ത്രണവുമില്ലായെന്ന് കോണ്‍ഗ്രസ് തുടക്കം മുതല്‍ ആരോപിച്ചിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ ഉന്നത പദവിയില്‍ സ്വന്തം വകുപ്പിന് കീഴിലുള്ള കെഎസ്‌ഐടിഎല്ലില്‍ നിയമിച്ചത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറയുന്നത്. എന്നിട്ടും ഇവരെ അറിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഐടി സ്പെയ്സ്പാര്‍ക്ക് മാനേജരായി നിയമനം നല്‍കിയത് എന്തുമാനദണ്ഡം വച്ചാണ്? വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലിനേടിയ വ്യക്തിക്കെതിരെ കേസെടുക്കാന്‍ ധൈര്യമില്ലാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നുള്ളത് വലിയ നാണക്കേടാണ്.

സ്വര്‍ണക്കടത്ത് കേസില്‍ ഈ പ്രതിനായിക പിടിക്കപ്പെടുമെന്നായപ്പോള്‍ അവര്‍ക്ക് കേരളം വിടാന്‍ സൗകര്യമൊരുക്കി. കേരളാ പൊലീസിന് ഇവരുടെ ചലനങ്ങള്‍ പൂര്‍ണമായും അറിയാമായിരുന്നു. അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് വരാനോ, ഇവിടെ നിന്ന് പുറത്തേക്ക് പോകാനോ സര്‍ക്കാരിന്റെ അനുമതിയില്ലാതെ കഴിയില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും ആഭ്യന്തരവകുപ്പിന്റേയും അറിവോടെ തന്നെയാണ് അവര്‍ അതിര്‍ത്തി കടന്ന് ബംഗളൂരുവിലെത്തിയത്. ഇതു തീര്‍ച്ചയായും അന്വേഷിക്കേണ്ടതാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കള്ളക്കടത്ത് കേസാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് സംഘത്തിന് സര്‍വസഹായവും ചെയ്തത് രാജ്യത്ത് ആദ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നിയമനം കാത്ത് പിഎസ്‌സിയില്‍ കണ്ണുനട്ട് നില്‍ക്കുമ്പോഴാണ് ആയിരകണക്കിന് താത്കാലിക നിയമനങ്ങള്‍ ഇഷ്ടക്കാര്‍ക്കും സിപിഐഎം അനുഭാവികള്‍ക്കും സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും യോഗ്യതയും മാനദണ്ഡവും നോക്കാതെ ഈ സര്‍ക്കാര്‍ നല്‍കിയത്. മധ്യപ്രദേശില്‍ നടന്ന വ്യാപം അഴിമതിയെപ്പോലും പിന്നിലാക്കിയാണ് പുറംവാതില്‍ നിയമനങ്ങള്‍ നാലുവര്‍ഷം കൊണ്ട് ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ നടത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വര്‍ണകള്ളക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണത്തോടൊപ്പം സിബിഐയും റോയും സംയുക്തമായി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ സംസ്ഥാനവ്യാപകമായി ജില്ലാ കളക്ടറേറ്റുകളിലേക്ക് പ്രതിഷധ ധര്‍ണകള്‍ സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Story Highlights Mullappally Ramachandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here