തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കൊവിഡ് ചികിത്സാ കേന്ദ്രമാക്കും

karyavattom Greenfield Stadium

വിവിധ ജില്ലകളില്‍ രോഗബാധ കൂടുതലുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളും കൂടുതല്‍ പരിശോധനകളും എല്ലാ മേഖലകളിലും നടത്തുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മാണിക്യവിളാകത്തും പൂന്തുറയിലും പുത്തന്‍പള്ളിയിലും പരിസര പ്രദേശങ്ങളിലുമാണ്. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 157 പേരില്‍ 130 പേര്‍ക്കും വൈറസ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Read Also : സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 623 പേര്‍ക്ക്; 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ടായി. തലസ്ഥാന ജില്ലയിലെ സ്ഥിതിഗതികള്‍ ഗൗരവകരമായി തുടരുന്നുവെന്നതിന്റെ സൂചനയാണിത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മികച്ച ചികിത്സ നല്‍കാന്‍ പൂന്തുറ സെന്റ് തോമസ് സ്‌കൂളില്‍ താത്കാലിക ആശുപത്രി സജ്ജീകരിച്ചു.

കൂടാതെ ഡെങ്കിപനി പോലുള്ള പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 32 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 15 പേരുടെ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട്. തിരുവനന്തപുരം ജില്ലയില്‍ പുതിയ 750 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളോടെയുള്ള കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ അടിയന്തര സാഹചര്യത്തില്‍ തയാറാക്കും.

Read Also : സംസ്ഥാനത്ത് ഇന്ന് പുതിയ 16 ഹോട്ട്‌സ്‌പോട്ടുകള്‍, ആകെ 234

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും അതിനോട് അനുബന്ധിച്ചുള്ള കോംപ്ലക്‌സ്‌കും കണ്‍വന്‍ഷന്‍ സെന്ററും ഉള്‍പ്പെടെയുള്ള മേഖലയിലാണ് ഇത് സജ്ജമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് അടിയന്തര പരിഹാരമായാണ് ഗ്രീന്‍ഫീല്‍ഡില്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തയാറാക്കുന്നത്. 500 മുതല്‍ 750 പേരെവരെ ഒരെസമയം ഉള്‍ക്കൊള്ളിക്കാവുന്ന വിധത്തിലാണ് ഈ സംവിധാനം. ഇവിടെ സ്വാബ് കളക്ഷനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Karyavattom Greenfield Stadium, covid treatment center

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top