കൊവിഡുമായി ബന്ധപ്പെട്ട് വ്യാപക വ്യാജപ്രചാരണം; വിമർശിച്ച് മുഖ്യമന്ത്രി

covid today 127 kerala

കൊവിഡുമായി ബന്ധപ്പെട്ട് വ്യാപക വ്യാജപ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രീയ പിന്തുണ പോലുമില്ലാത്ത പ്രചാരണങ്ങളാണ് പലരും നടത്തുന്നത്. ജാഗ്രത പാലിക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലദോഷം പോലുള്ള അസുഖമാണ് കൊവിഡെന്നാണ് ഒരു വിഭാഗം പറഞ്ഞു പരത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗപ്രതിരോധ ശേഷി ഉണ്ടാകണമെങ്കിൽ കൊറോണ ശരീരത്തിൽ പ്രവേശിക്കണമെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. കൊവിഡ് കുട്ടികൾക്ക് ദോഷമല്ലെന്നും മികച്ച രോഗപ്രതിരോധ ശേഷിയുള്ളവരെ രോഗം ബാധിക്കില്ലെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. ജനസംഖ്യയുടെ നിശ്ചിത ശതമാനത്തിനപ്പുറം രോഗബാധ ഉണ്ടാകില്ല, ഒരിക്കൽ വന്ന് ഭേദപ്പെട്ടാൽ സുരക്ഷിതം, ഇതര രോഗമുള്ളവർ മാത്രം മരിക്കുകയുള്ളൂ എന്നും പലരും പറഞ്ഞ് പരത്തുന്നു. ഇതിനൊന്നും ശാസ്ത്രീയ അടിത്തറയില്ല എന്നതാണ് വാസ്തവമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ഭേദമാക്കാനുള്ള മരുന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനുള്ള വാക്‌സിൻ വികസിപ്പിക്കാൻ പന്ത്രണ്ട് മുതൽ പതിനെട്ട് മാസമെടുക്കും. പരീക്ഷണം ആരംഭിച്ചിട്ട് ആറ് മാസം മാത്രമാണ് ആയിട്ടുള്ളത്. ഇനിയും സമയമെടുക്കും. മരുന്ന് വികസിപ്പിക്കുന്നവർക്ക് പിന്തുണ നൽകുകയാണ് വേണ്ടത്. പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന പ്രചാരണങ്ങൾ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Covid 19, pinarayi vijayan, fake news

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top