സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലെന്ന് സൂചന
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലെന്ന് സൂചന. എൻഐഎയാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ ഗൺമാൻ ജയഘോഷിനെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. സ്വർണം കടത്തിയ ദിവസം അടക്കം നിരവധി തവണ ജയഘോഷ് കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിനെ വിളിച്ചെന്നാണ് കണ്ടെത്തൽ. സ്വർണം പിടിയിലായ ദിവസവും സ്വപ്നയെ ഇയാൾ വിളിച്ചിരുന്നു. ഇന്നലെ വൈകുന്നേരം മുതൽ ഇയാളെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതുവരെ യുഎഇ കോൺസുലേറ്റിലെ ജീവനക്കാരെ ആരെയും കേസിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നില്ല.
അതേസമയം യുഎഇ അറ്റാഷെയുടെ മടക്കത്തിൽ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത് അയഞ്ഞ നിലപാടെന്ന് ആരോപണമുണ്ട്. അറ്റാഷെ മടങ്ങുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. യുഎഇയുടെ തീരുമാനത്തിൽ ഇടപെടേണ്ടെന്ന നിലപാട് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചു. അറ്റാഷെയുടെ മൊഴി രേഖപ്പെടുത്താനുള്ള അവസരം ഒരുക്കണമെന്ന ആവശ്യം മന്ത്രാലയം പരിഗണിച്ചില്ല.
Read Also : സ്വർണക്കടത്ത്; എം ശിവശങ്കറിനെതിരായ നടപടി ഇന്ന് പ്രഖ്യാപിച്ചേക്കും
റാഷിദ് ഖാമിസ് അൽ അഷ്മിയാണ് യുഎഇയിലേക്ക് മടങ്ങിപ്പോയത്. തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ചയാണ് അറ്റാഷെ ഡൽഹിയിലേക്ക് പോകുന്നത്. കോൺസുലേറ്റ് ജനറലിന്റെ ചുമതല അറ്റാഷെക്ക് ആയിരുന്നു. സ്വർണം അടങ്ങിയ ബാഗ് അറ്റാഷെയും പേരിലാണ് വന്നിരുന്നത്. ബാഗ് വന്ന ദിവസം അറ്റാഷെ സ്വപ്നയെ വിളിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. അറ്റാഷെയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നതിനിടെയാണ് റഷീദ് ഖാമിസിന്റെ മടങ്ങിപ്പോക്ക്. സ്വർണക്കടത്ത് വിവാദങ്ങൾക്കിടെ യുഎഇ അറ്റാഷെയെ തിരിച്ചുവിളിച്ചതാണെന്നും സൂചനയുണ്ട്.
അറ്റാഷെയുടെ പേരിലാണ് സ്വർണം ഉൾപ്പെട്ട ബഗേജ് എത്തിയതെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഭക്ഷ്യ വസ്തുക്കൾ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നാണ് അറ്റാഷെ ഉദ്യോഗസ്ഥരോട് പറഞ്ഞത്. സ്വർണം കൊണ്ടു വന്നതിൽ ബന്ധമില്ലെന്നായിരുന്നു അറ്റാഷെയുടെ വിശദീകരണം. അറ്റാഷെ ഒപ്പിട്ട കത്തുമായാണ് സരിത് ബാഗേജ് എടുക്കാൻ എത്തിയത്. കത്ത് വ്യാജമാണോ എന്നും അന്വേഷിക്കുന്നുണ്ട്.
Story Highlights – gold smuggling case, trivandrum airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here