‘പി നൾ’ രക്തം അനുഷ്‌കമോളെ തേടിയെത്തിയത് മഹാരാഷ്ട്രയിൽ നിന്ന്; ഇന്ത്യയിൽ ആകെ മൂന്ന് പേർക്ക് മാത്രമുള്ള ഈ രക്തഗ്രൂപ്പിനുടമയെ കണ്ടെത്തിയതിനെ കുറിച്ച് ബിജു ട്വന്റിഫോറിനോട്

ശരിയായ സോഷ്യൽ മീഡിയ ഉപയോഗം എങ്ങനെ ജീവനുകൾ രക്ഷിക്കാൻ ഉപകരിക്കുമെന്നത് നാം 2018 ലെ പ്രളയകാലത്ത് കണ്ടതാണ്. പിന്നീടും പലർക്കും സഹായമെത്തിക്കാൻ സോഷ്യൽ മീഡിയ സഹായകമായിട്ടുണ്ട്. ഇന്ന് മലപ്പുറം സ്വദേശിയായ അഞ്ചുവയസുകാരി അനുഷ്‌കയുടെ ജീവൻ രക്ഷിക്കുന്നതും അത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റാണ്. ‘പി നൾ’ എന്ന അത്യപൂർവ ബ്ലഡ് ഗ്രൂപ്പിനായുള്ള തെരച്ചിലിനും കാത്തിരിപ്പിനുമാണ് ഒടുവിൽ വിരാമമായിരിക്കുന്നത്.
മലപ്പുറം സ്വദേശികളാണെങ്കിലും ഗുജറാത്തിൽ സ്ഥിരതാമസമാക്കിയവരാണ് അനുഷ്‌കയുടെ മാതാപിതാക്കൾ. കഴിഞ്ഞ വർഷമാണ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് അനുഷ്‌കയുടെ തലയ്ക്ക് സാരമായി പരുക്കേൽക്കുന്നത്. ഇതേ തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയക്ക് നിർദേശിച്ചു. ചികിത്സയുടെ ആദ്യഘട്ടമായി കുഞ്ഞിന് ചെറിയ ശസ്ത്രക്രിയ നടത്തി. പ്ലാസ്റ്റിക് സർജറിയാണ് നടത്തിയത്. തലയോട്ടിയുടെ ഭാഗങ്ങൾ ചേർക്കുക എന്നുള്ളതാണ് അടുത്തഘട്ടം. ഇതിനായാണ് ‘പി നൾ’ രക്തം ആവശ്യമായിട്ടുള്ളത്.
‘പി നൾ’ രക്തത്തിനായുള്ള അന്വേഷണം
ജൂലൈ 8നാണ് ഓൾ കേരള ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷൻ കോർഡിനേറ്റർ ബിജുവിന്റെ ഫേസ്ബുക്ക് വോളിൽ ‘പി നൾ’ രക്തത്തിനായുള്ള പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. മിനിറ്റുകൾക്കകം തന്നെ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ കൈകോർത്തു. ഫേസ്ബുക്കിലും വാട്ട്‌സാപ്പിലുമായി നൂറുകണക്കിന് പേരാണ് പോസ്റ്റ് പങ്കുവച്ചത്.
കാത്തിരിപ്പിന് വിരാമം, രക്തം പറന്നെത്തിയത് മഹാരാഷ്ട്രയിൽ നിന്ന്
പോസ്റ്റിട്ട് ദിവസങ്ങൾക്കകം തന്നെ മുംബൈലെ ബോംബെ ആശുപത്രിയിൽ നിന്ന് അമൃത ആശുപത്രിയിലേക്ക് ഒരു ഫോൺ കോൾ വന്നു. പി നൾ രക്ത ഗ്രൂപ്പുള്ള വ്യക്തിയെ കണ്ടെത്തിയെന്നതായിരുന്നു ഫോൺ കോളിന്റെ ഉള്ളടക്കം. തുടർന്ന് ബോംബെ ആശുപത്രി അധികൃതർ നൽകിയ നിർദേശമനുസരിച്ച് കുഞ്ഞിന്റെ സാമ്പിൾ ബോംബെ ആശുപത്രിയിലേക്ക് അയച്ചു. ഡോണറിന്റെ രക്തഗ്രൂപ്പുമായി മാച്ച് ആയതോടെ ഇദ്ദേഹത്തിൽ നിന്ന് രക്തം അമൃത ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.
Read Also : അനുഷ്‌ക മോൾക്ക് ‘പി നൾ’ രക്തദാതാവിനെ കണ്ടെത്തി
ഇന്ത്യയിൽ രണ്ട് പേർക്ക് മാത്രമുള്ള ഈ അത്യപൂർവ രക്തഗ്രൂപ്പിന് ഉടമ ആര് ?
ഇന്ത്യയിൽ ആകെ മൂന്ന് പേർക്ക് മാത്രമാണ് ‘പി നൾ’ രക്തഗ്രൂപ്പ് ഉള്ളത്. ഇന്ത്യയിൽ പി നൾ രക്തഗ്രൂപ്പ് കണ്ടെത്തിയത് 2018ൽ ആണ്. കെഎംസി മണിപ്പാലിലെ ഡോ. ഷമീ ശാസ്ത്രിയും സംഘവുമാണ് അന്നത് തിരിച്ചറിഞ്ഞത്. ഇന്ത്യയിൽ അറിയപ്പെടുന്നതായ പി നൾ വ്യക്തികൾ അന്നത്തെ ആ രോഗിയും ഇപ്പോൾ ചികിത്സയിലുള്ള ഈ കുഞ്ഞും മാത്രമാണ്. എന്നാൽ പി നള്ളിനും ട്രാൻസ്ഫ്യൂഷൻ നടത്തണമെങ്കിൽ എബിഒ കോംപാറ്റിബിലിറ്റി ഉണ്ടായിരിക്കണം. ഇവരുടേത് തമ്മിൽ മാച്ചാവുന്നില്ലായിരുന്നു. ഒടുവിലാണ് മഹാരാഷ്ട്രയിൽ നിന്ന് പി നൾ ഗ്രൂപ്പുള്ള, കുട്ടിയുടെ രക്തവുമായി മാച്ച് ചെയ്യുന്ന വ്യക്തിയെ കണ്ടെത്തുന്നത്.
അമൃത ആശുപത്രിയിലെ കുഞ്ഞിന് പി നൾ രക്ത ഗ്രൂപ്പ് വേണമെന്ന സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട വ്യക്തി സ്വമേധയാ ബോംബെ ആശുപത്രി അധികൃതരെ സമീപിക്കുകയായിരുന്നുവെന്ന് ഓൾ കേരള ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷൻ കോർഡിനേറ്റർ ബിജു കുമ്പഴ ട്വന്റിഫോർ ന്യൂസ്.കോമിനോട് പറഞ്ഞു. എന്നാൽ ആശുപത്രി അധികൃതർ ഈ വ്യക്തി ആരാണ് ന്നെത് പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹത്തിന്റെ സ്വകാര്യത കണക്കിലെടുത്താണ് വ്യക്തിത്വം രഹസ്യമാക്കി വച്ചിരിക്കുന്നത്.
Story Highlights – p null blood group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here