രോഗിയുടെ ശരീരത്തില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവെച്ചുവെന്ന പരാതിയുമായി ബന്ധുക്കള്‍

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. ആശുപത്രിയില്‍ ശാസ്ത്രക്രിയ നടത്തിയ വ്യക്തിയുടെ ശരീരത്തില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവെച്ചുവെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. കുറുക്കഞ്ചേരി സ്വദേശി ജോസഫ് പോളിന്റെ ശരീരത്തിലാണ് ശസ്ത്രക്രിയയ്ക്ക് ശേഷം കത്രിക മറന്നുവെച്ചത്. സംഭവത്തില്‍ സര്‍ജന്‍ പോളി ടി ജോസഫിനെതിരെ ബന്ധുക്കള്‍ പരാതി നല്‍കി.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ജോസഫ് പോള്‍ മഞ്ഞപിത്തത്തിന് ചികിത്സ തേടി തൃശൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. ഏപ്രില്‍ 25ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ഡോ പോളി ടി ജോസഫിനെ കണ്ടു. മെയ് അഞ്ചാം തിയതി ശസ്ത്രക്രിയ നടത്താനും തീരുമാനിച്ചു. നേരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തിയ പരിശോധനയില്‍ പാന്‍ക്രിയാസിലെ തടിപ്പ് കണ്ടെത്തുകയും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു മെഡിക്കല്‍ കോളജില്‍ എത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം നടത്തിയ സ്‌കാനിംഗില്‍ വീണ്ടും പ്രശ്‌നം കണ്ടെത്തിയതോടെ മെയ് 12ന് രണ്ടാമതൊരു ഓപ്പറേഷന്‍ കൂടി നടത്തി. ശേഷം വീട്ടിലെത്തി ഒരാഴ്ചക്ക് ശേഷം വീണ്ടു ഡോക്ടറെ കാണാനും സിടി സ്‌കാന്‍ എടുക്കാനും ആവശ്യപ്പെട്ടതാണ് സംശയത്തിന് ഇടയാക്കിയത്. സ്വകാര്യ ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയ നടത്തിയാണ് ശരീരത്തില്‍ മറന്നുവെച്ച കത്രിക എടുത്ത് മാറ്റിയതെന്നും ഇവര്‍ പറയുന്നു. മുഖ്യമന്ത്രിക്കുള്‍പ്പടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
Story Highlights – Thrissur Medical College Hospital. surgical instrument, Patient
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here