സുപ്രിംകോടതിയിലെ മുതിര്‍ന്ന വനിത ജഡ്ജി ജസ്റ്റിസ് ആര്‍. ഭാനുമതി ഇന്ന് വിരമിക്കും

സുപ്രിംകോടതിയിലെ മുതിര്‍ന്ന വനിത ജഡ്ജി, ജസ്റ്റിസ് ആര്‍. ഭാനുമതി ഇന്ന് വിരമിക്കും. നിര്‍ഭയ പ്രതികളുടെ വധശിക്ഷ നടപ്പാക്കല്‍ തുടങ്ങി രാജ്യത്തിന്റെ ശ്രദ്ധയില്‍ നിന്ന ഒട്ടേറെ കേസുകളില്‍ ഭാനുമതിയുടെ നിലപാടുകള്‍ നിര്‍ണായകമായി. ശബരിമലയുമായി ബന്ധപ്പെട്ട ഒന്‍പതംഗ ബെഞ്ചിലും അംഗമായിരുന്നു. ഉന്നത ജുഡിഷ്യറിയിലെ പരമാധികാര കേന്ദ്രമായ കൊളീജിയത്തിലെത്തുന്ന രണ്ടാമത്തെ വനിത ജഡ്ജിയും 42 മാസത്തോളം സുപ്രിംകോടതിയിലെ ഏക വനിത ജഡ്ജിയായിരുന്നു ജസ്റ്റിസ് ആര്‍. ഭാനുമതി.
നിര്‍ഭയക്കേസില്‍ നാല് പ്രതികളുടെയും അപ്പീല്‍ തള്ളി വധശിക്ഷ ശരിവച്ചുകൊണ്ട് ആര്‍. ഭാനുമതി ഇങ്ങനെ എഴുതി. സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ഇതല്ലാതെ ഏത് കേസാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കുക. പ്രതികള്‍ മരണം അര്‍ഹിക്കുന്നെങ്കില്‍ അത് നിര്‍ഭയ കേസിലാണെന്നും കൂട്ടിച്ചേര്‍ത്തു. വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രതികളുടെ അവസാനശ്രമവും ഭാനുമതിയുടെ കോടതിയില്‍ വിലപ്പോയില്ല. മാര്‍ച്ച് 20ന് വധശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അര്‍ധരാത്രി സിറ്റിംഗ് നടത്തി പ്രതിയുടെ ഹര്‍ജി തള്ളി. രണ്ട് മണിക്കൂറിന് ശേഷം നാല് പ്രതികളെയും തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി. ചിദംബരത്തിന് ജാമ്യം അനുവദിച്ചു. സീല്‍ ചെയ്ത കവറുകളില്‍ രേഖകള്‍ കൈമാറുന്ന പ്രോസിക്യൂഷന്‍ പ്രവണതയെ എതിര്‍ത്തു. നീതിയുക്തമായ വിചാരണയ്ക്ക് ഇത്തരം രീതികള്‍ എതിരാണെന്നും വിമര്‍ശിച്ചു. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ ജല്ലിക്കട്ട് നിരോധിച്ചതും ജസ്റ്റിസ് ഭാനുമതിയാണ്. ശബരിമലയുമായി ബന്ധപ്പെട്ട ഒന്‍പതംഗ വിശാല ബെഞ്ചില്‍ അംഗമായിരുന്നെങ്കിലും വിധി പറയാന്‍ കഴിയാതെയാണ് ഭാനുമതി പടിയിറങ്ങുന്നത്.
Story Highlights – Justice R. Bhanumathi will retire today ,Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here