ടീം ബസിൽ അടുത്തിരിക്കില്ല; ആഹാരം കഴിക്കാൻ വിളിക്കില്ല; ദക്ഷിണാഫ്രിക്കൻ ടീമിലെ വർണവെറിയെപ്പറ്റി തുറന്നു പറഞ്ഞ് മഖായ എന്റിനി

ദക്ഷിണാഫ്രിക്കൻ ടീമിലെ വർണവെറിയെപ്പറ്റി തുറന്നു പറഞ്ഞ് മുൻ പേസർ മഖായ എൻ്റിനി. ടീം ബസിൽ താരങ്ങൾ തൻ്റെ അടുത്ത് ഇരിക്കില്ലായിരുന്നു എന്നും ആഹാരം കഴിക്കാൻ തന്നെ അവർ വിളിക്കില്ലായിരുന്നു എന്നും എൻ്റിനി പറഞ്ഞു. തൻ്റെ മകൻ താണ്ടോ എൻ്റിനിക്കും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ആഫ്രിക്കൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.
“എല്ലാവരും ഒന്നിച്ചാണ് ടീം ഹോട്ടലിൽ അത്താഴം കഴിക്കാൻ പോവുക. എപ്പോൾ പോകണമെന്ന് അവർ ഒരുമിച്ച് തീരുമാനിക്കും. എന്നാൽ ആരും എന്റെ വാതിലിൽ വന്നു തട്ടുകയോ എന്നെ വിളിക്കുകയോ ചെയ്തിട്ടില്ല. എന്റെ മുന്നിൽ നിന്ന് അവർ ഓരോ കാര്യങ്ങൾ തീരുമാനിക്കുമ്പോൾ ഞാൻ വെറുമൊരു നോക്കുകുത്തിയായി നിന്നിട്ടുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ ആരും എന്റെ അടുത്ത് ഇരിക്കുമായിരുന്നില്ല. ഞങ്ങളെല്ലാം ഒരേ ജഴ്സിയാണ് ധരിക്കുന്നത്. ഒരേ ദേശീയഗാനമാണ് ആലപിക്കുന്നത്. എന്നിട്ടും ഞാൻ ടീമിനുള്ളിൽ ഒറ്റപ്പെടൽ അനുഭവിച്ചു. ടീം ബസിൽ പിന്നിലെ സീറ്റിലാണ് ഞാൻ ഇരിക്കുന്നതെങ്കിൽ മറ്റു താരങ്ങളെല്ലാം മുന്നിലെ സീറ്റിലേക്ക് മാറും. ഇത് ഒഴിവാക്കാനായി പലപ്പോഴും ഞാൻ ടീം ബസ്സിൽ യാത്ര ചെയ്യാതെ മാറിനിന്നിട്ടുണ്ട്. പകരം സ്റ്റേഡിയത്തിലേക്ക് ഞാൻ ഓടും. കിറ്റ് ഡ്രൈവറുടെ കൈവശം കൊടുത്തിട്ടായിരിക്കും ഈ ഓട്ടം. കളി കഴിഞ്ഞു തിരിച്ചുപോകുമ്പോഴും ഇതുതന്നെ ചെയ്യുമായിരുന്നു. ടീം ജയിക്കുമ്പോൾ എല്ലാവരും സന്തോഷത്തിലായിരിക്കും. തോറ്റാൽ ആദ്യം കുറ്റപ്പെടുത്തുക എന്നെയായിരുന്നു. എന്റെ മകൻ താണ്ടോയും ഇതേ സാഹചര്യങ്ങളിൽ കൂടിയാണ് വളർന്നുവരുന്നത്. ഒറ്റപ്പെടുത്തൽ സഹിക്കാനാവാതെ അവൻ ദക്ഷിണാഫ്രിക്കയുടെ അണ്ടർ-19 ടീമിന്റെ ക്യാമ്പിലേക്ക് പോകാതിരുന്നിട്ടുണ്ട്.”- എൻ്റിനി പറഞ്ഞു.
ടീമിൽ വർണവെറിയുണ്ടെന്ന വെളിപ്പെടുത്തലുമായി കറുത്ത വർഗക്കാരായ 36 മുൻ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ക്രിക്കറ്റ് ബോർഡിനു കത്തയച്ചിരുന്നു. കറുത്ത വർഗക്കാരായ താരങ്ങൾക്ക് ക്രിക്കറ്റ് സൗത്താഫ്രിക്ക ശക്തമായ പിന്തുണ ഉറപ്പാക്കണമെന്ന് കത്തിലൂടെ ഇവർ ആവശ്യപ്പെട്ടു.
Story Highlights – Makhaya Ntini opens up about racsim in South African team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here