കുട്ടികളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ കെ-ഡിസ്‌ക്; ‘യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം’ രജിസ്‌ട്രേഷൻ തുടങ്ങി

കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്‌ക് ) യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിനുള്ള (വൈഐപി )രജിസ്‌ട്രേഷൻ ആരംഭിച്ചു. കുട്ടികളുടെ വേറിട്ട ആശയങ്ങളെ യാഥാർത്ഥ്യമാക്കുക എന്നതാണ് ലക്ഷ്യം.

2018 ലാണ് പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. മൂന്ന് വർഷം കാലാവധിയുള്ള പദ്ധതിയുടെ 2020 -2023 ഐഡിയ രജിസ്‌ട്രേഷനാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈൻ വഴിയാണ് ഐഡിയ പ്രസന്റേഷനും സെമിനാറുകളും നടക്കുന്നത്. വിദ്യാർത്ഥികളിൽ നിന്ന് നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുന്നതിനും വേണ്ട നിർദേശങ്ങളും സ്‌കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം. പന്ത്രണ്ട് മുതൽ മുപ്പത്തിരണ്ട് വരെ പ്രായ പരിധിയുള്ള സ്‌കൂൾ വിദ്യാർത്ഥികൾ മുതൽ ഗവേഷക വിദ്യാർത്ഥികൾക്ക് വരെ ഈ പദ്ധതിയിൽ പങ്കാളികളാവാം.

Read Also : ഡോക്ടർക്ക് കൊവിഡ്; മൂന്നാർ ജനറൽ ആശുപത്രി അടച്ചു

കൃഷി, മൃഗ സംരക്ഷണം, സഹായ സാങ്കേതിക വിദ്യ, ബിസിനസ് മോഡൽ ഇന്നോവേഷൻസ്, കാലാവസ്ഥാ വ്യതിയാനവും ദുരന്ത നിവാരണവും, ആധുനിക വൈദ്യ സഹായങ്ങൾ, ബയോ മെഡിക്കൽ ടെക്‌നോളജി, യുനാനി, സിദ്ധ, ആയുർവേദ, നാച്ചുറോപ്പതി, ഹോമിയോപതി, മാലിന്യ സംസ്‌കരണം, കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ, പ്രായമായവർ നേരിടുന്ന പ്രശ്‌നങ്ങൾ, മത്സ്യ ബന്ധനമേഖല തുടങ്ങി 21 വിഷയങ്ങളാണ് ഇത്തവണ വിദ്യാർത്ഥികളുടെ മുൻപിൽ അവതരിപ്പിക്കപ്പെടുന്നത്. രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ സമർപ്പിക്കുന്ന യോഗ്യമായ പ്രോജക്റ്റുകൾക്ക് ആ പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം വൈഐപി ഉറപ്പു നൽകുന്നുണ്ട്. ഈ മാസം 29 വരെ രജിസ്‌ട്രേഷൻ ചെയ്യാം.

വിശദംശങ്ങൾക്ക് https://yip.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക

Story Highlights youth innovation programme

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top