സ്വർണക്കടത്ത് വിവാദം, കൺസൽട്ടൻസി നിയമനം; ഇടത് ജനാധിപത്യ മുന്നണി യോഗം ചൊവ്വാഴ്ച ചേരും

സ്വർണക്കടത്ത് വിവാദം, കൺസൽട്ടൻസി നിയമനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇടത് ജനാധിപത്യ ചൊവ്വാഴ്ച യോഗം ചേരും. സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. അതിനിടെ, സ്വർണക്കടത്ത് വിവാദത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു.

സ്പ്രിംഗ്‌ളർ വിവാദകാലത്തു തന്നെ എം.ശിവശങ്കറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം മുന്നണി നേതൃത്വത്തിന് കത്തു നൽകിയിരുന്നു. എന്നാൽ, ഇതു പരിഗണിക്കപ്പെട്ടില്ല. സ്വർണക്കടത്തുകേസിൽ ആരോപണവിധേയനായതോടെ സിപിഐയുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് ശിവശങ്കറെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തത്.

കൺസൾട്ടൻസികളെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസം തുടരുന്ന സാഹചര്യത്തിലാണ് ഇടത് ജനാധിപത്യ യോഗം വിളിച്ചു ചേർക്കാനുള്ള തീരുമാനം. 28 -ാം തീയതി ചൊവ്വാഴ്ച യോഗം ചേരാനാണ് നിലവിലെ ആലോചന. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിപിഐഎം നേതൃത്വം വിശദീകരിക്കും. തെറ്റിധാരണകൾ മാറ്റി പരസ്പര വിശ്വാസത്തോടെ മുന്നോട്ടുപോകാൻ ശനിയാഴ്ച നടന്ന കാനം രാജേന്ദ്രൻ- കോടിയേരി ബാലകൃഷണൻ കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു. അതിനിടെ, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. പിണറായി സർക്കാരിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളിൽ കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.

സ്പ്രിങ്ക്‌ളർ, ഇ- മൊബിലിറ്റി, റീബിൽഡ് കേരള തുടങ്ങി സർക്കാർ വ്യാപകമായി കൺസൽട്ടൻസികളെ നിയമിച്ചത് സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമാണ്. ഏറ്റവുമൊടുവിൽ സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ഉയരുന്ന ആരോപണങ്ങളും ഗുരുതരമാണ്. ഈ സാഹചര്യത്തിൽ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാർട്ടി നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.

Story Highlights – LDF meeting tuesday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top