കൊവിഡ് കാലത്തെ പൊതുഗതാഗതം: യാത്രക്കാരും വാഹന ജീവനക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ [24 Explainer]

Public Transport

കൊവിഡ് കാലത്ത് പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ബസ്, ഓട്ടോ, ടാക്‌സികളില്‍ സഞ്ചരിക്കുമ്പോള്‍ കൊവിഡ് ബാധിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കുകയെന്നത് നാം ഓരോരുത്തരുടെയും കടമയാണ്. ധാരാളം ആളുകള്‍ യാത്ര ചെയ്യുന്ന ബസുകളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാര്‍ ചില മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

ഡ്രൈവറും, മറ്റ് ജീവനക്കാരും പാലിക്കേണ്ട കാര്യങ്ങള്‍

 • ഡ്രൈവറും, കണ്ടക്ടറും മറ്റ് ജീവനക്കാരും ത്രീ ലെയര്‍ മാസ്‌ക് ഡ്യൂട്ടി സമയത്ത് ധരിക്കുകയും, ഒരോ തവണ വാഹനത്തില്‍ കയറുന്നതിന് മുന്‍പായി കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുകയും, ഇടക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യേണ്ടതാണ്.
 • കണ്ടക്ടറും, ഡോര്‍ ചെക്കറും മാസ്‌കിന് പുറമെ ഫേസ് ഫീല്‍ഡ് , കൈയ്യുറ എന്നിവ കൂടി നിര്‍ബന്ധമായും ധരിക്കേണ്ടതാണ്.
 • ടാക്‌സി വാഹനങ്ങളില്‍ പുറകിലത്തെ സീറ്റില്‍ മാത്രമാണ് യാത്രക്കാരെ ഇരുത്താവുന്നത്.
 • യാത്രക്കാര്‍ എല്ലാ സമയവും മൂക്കും വായും മൂടുന്ന തരത്തില്‍ മാസ്‌ക് ധരിക്കുന്നു എന്ന് ഉറപ്പ് വരുത്തണം. അല്ലാത്തവരെ വാഹനത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുത്.
 • എല്ലാ യാത്രക്കാരുമായി പരമാവധി സാമൂഹ്യ അകലം പാലിക്കണം.
 • ഡ്രൈവറൊ മറ്റ് ജീവനക്കാരൊ കഴിയുന്നതും യാത്രക്കാരുടെ ബാഗുകളൊ മറ്റ് ലഗേജുകളൊ സ്പര്‍ശിക്കുവാന്‍ പാടില്ല. അഥവാ സ്പര്‍ശിക്കേണ്ട സാഹചര്യം വന്നാല്‍ ഉടന്‍ തന്നെ കൈ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം.
 • ബസ്, ടാക്‌സി, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളില്‍, ഡ്രൈവര്‍ ക്യാബിന്‍ സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചൊ , പോളികാര്‍ബണേറ്റ് ഷീറ്റ് ഉപയോഗിച്ചൊ വായു സഞ്ചാരം തടയുന്ന രീതിയില്‍ പാസഞ്ചര്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്നും വേര്‍തിരിക്കേണ്ടതാണ്.
 • യാത്രക്കാരെ കയറ്റുന്ന പൊതു വാഹനങ്ങളില്‍ എസി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. വിന്‍ഡോ ഗ്ലാസ് തുറന്ന് ഇട്ട് വായു സഞ്ചാരം ഉറപ്പാക്കണം.
 • വാഹനത്തില്‍ ഹാന്‍ഡ്‌സാനിറ്റൈസര്‍ സൂക്ഷിക്കേണ്ടതും യാത്രക്കാര്‍ വാഹനത്തില്‍ കയറുന്നതിന് മുന്‍പായി കൈ അണുവിമുക്തമാക്കി എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.
 • വാഹനത്തില്‍ ഇരുന്ന് ഭക്ഷണം കഴിക്കുവാന്‍ യാത്രക്കാരെ അനുവദിക്കരുത്.
 • ഡ്രൈവര്‍ക്കൊ മറ്റ് ജീവനക്കാര്‍ക്കൊ പനി, ചുമ ,തൊണ്ടവേദന തുടങ്ങി ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിക്കണം. അതോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ (0471-2552056, 1056 ) ബന്ധപ്പെടണം.
 • ജീവനക്കാര്‍, യാത്രക്കാര്‍ സാധാരണയായി സ്പര്‍ശിക്കാന്‍ സാധ്യതയുള്ള ഹാന്‍ഡ് റെയിലുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, സീറ്റ്, സീറ്റ് ബെല്‍റ്റ്, മറ്റ് വാഹന ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം.
 • ജീവനക്കാര്‍ മുഖം, മൂക്ക്, വായ തുടങ്ങിയ ശരീരഭാഗങ്ങളില്‍ തൊടുകയോ യാത്രക്കാരെ തൊടുകയൊ ഹസ്തദാനം ചെയ്യുകയോ അരുത്.
 • ഏതെങ്കിലും യാത്രക്കാര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ദിശ ഹെല്‍പ് ലൈന്‍ നമ്പറില്‍ അറിയിക്കണം.
 • ഓട്ടോറിക്ഷയിലും ടാക്‌സി വാഹനങ്ങളിലും ലോഗ് ബുക്ക് നിര്‍ബന്ധമായും സൂക്ഷിക്കണം. യാത്രക്കാരുടെ പേര്, സ്ഥലം, ഫോണ്‍ നമ്പര്‍ എന്നിവ എഴുതി സൂക്ഷിക്കണം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരൊ പൊലീസൊ ആവശ്യപ്പെട്ടാല്‍ ഇവ പരിശോധനക്ക് ഹാജരാക്കണം.
 • എല്ലാ യാത്രകള്‍ക്ക് ശേഷവും വാഹനം ഏതെങ്കിലും അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ജനല്‍ ഗ്ലാസുകള്‍ തുറന്നിട്ട് വാഹനം ഉണക്കുകയും ചെയ്യണം.

യാത്രക്കാര്‍ പാലിക്കേണ്ട കാര്യങ്ങള്‍

 • പനി, ചുമ, ശ്വാസതടസം, തൊണ്ടവേദന, മറ്റ് രോഗ ലക്ഷണങ്ങള്‍ എന്നിവ ഉള്ളവര്‍ യാത്ര ചെയ്യുവാന്‍ പാടില്ല.
 • യാത്ര ചെയ്യുന്ന സമയത്ത് മാസ്‌ക് ശരിയായ വിധത്തില്‍ ധരിക്കണം.
 • വാഹനത്തില്‍ കയറുന്നതിന് മുന്‍പും യാത്ര സമയങ്ങളില്‍ ഇടക്കിടെയും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം.
 • ധരിക്കുന്നത് കൂടാതെ മാസ്‌കും, സാനിറ്റൈസറും, യാത്രക്കാര്‍ കൈയില്‍ കരുതണം.
 • യാത്രമധ്യേ ഏതെങ്കിലും യാത്രക്കാര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ദിശ ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടണം. യാത്രക്കാരെ മറ്റുള്ളവരില്‍ നിന്നും അകലം പാലിച്ച് ഏതെങ്കിലും, മൂലക്കുള്ള സീറ്റില്‍ തനിച്ച് ഇരുത്തുകയും വേണം.
 • യാത്രക്കാര്‍ വലിയ വാഹനങ്ങളില്‍ കയറുന്ന സമയത്തും, ഇറങ്ങുന്ന സമയത്തും പരമാവധി സാമൂഹ്യ അകലം പാലിക്കുകയും, പരസ്പരമുള്ള സ്പര്‍ശനം ഒഴിവാക്കുകയും ചെയ്യണം.
 • പരമാവധി കുറച്ച് ലഗേജ് മാത്രമേ കൈയില്‍ കരുതാവൂ. സ്വീകരിക്കുവാനൊ യാത്ര അയക്കുവാനൊ പരമാവധി ഒരാളെ മാത്രമേ കൂടെ കൊണ്ടുപോകാവൂ.
 • ഏതെങ്കിലും രോഗലക്ഷണമുള്ളവരെ ആംബുലന്‍സ് ഉപയോഗിച്ച് മാത്രമെ യാത്ര ചെയ്യുവാന്‍ അനുവദിക്കാവൂ.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍

 • യാത്രക്കാര്‍ക്കും, ജീവനക്കാര്‍ക്കുമുള്ള പൊതു നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
 • വാഹനത്തില്‍, ഹാന്‍ഡ് സാനിറ്റൈസര്‍, മാസ്‌ക്, കൈയുറകള്‍, എന്നിവ കരുതേണ്ടതും യാത്രക്കാരുടെ ശരീര ഉഷ്മാവ് അളക്കുകയും ചെയ്യേണ്ടതാണ്, നിലവിലുളള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ശരീരോഷ്മാവ് കൂടുതലുള്ളവരെ ചെക്‌പോസ്റ്റില്‍ കൂടി കടന്നുപോകുവാന്‍ അനുവദിക്കുന്നതല്ല.
 • വാഹനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ പേര് , വിലാസം, ഫോണ്‍ നമ്പര്‍, യാത്ര പുറപ്പെട്ടതും എത്തിച്ചേരേണ്ടതുമായ സ്ഥലങ്ങള്‍, എന്നിവ രേഖപ്പെടുത്തിയ ലോഗ് ബുക്ക് വാഹനത്തില്‍ സൂക്ഷിക്കേണ്ടതാണ്. വിവരങ്ങള്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്യണം. ഇതിന്റെ പകര്‍പ്പുകളും ലോഗ് ബുക്കും മോട്ടോര്‍ വാഹന ചെക്‌പോസ്റ്റില്‍ കാണിക്കുകയും ചെക്‌പോസ്റ്റിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്യണം.
 • ചെക്‌പോസ്റ്റുകളില്‍ കൂടി കടന്ന് വരുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും ചെയ്യണം. കൂടാതെ ഗുഡ്‌സ് രജിസ്റ്റര്‍ (GCR) കൃത്യമായി രേഖപ്പെടുത്തി ചെക്‌പോസ്റ്റില്‍ പരിശോധനക്ക് ഹാജരാക്കുകയും ചെയ്യണം. യാതൊരു കാരണവശാലും യാത്രക്കാരെ ഗുഡ്‌സ് വാഹനങ്ങളില്‍ യാത്ര ചെയ്യുവാന്‍ അനുവദിക്കരുത്.

Story Highlights Public Transport in Covid time Things to Consider

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top