നാശം വിതച്ച് സ്റ്റുവർട്ട് ബ്രോഡ്; വിൻഡീസ് പൊരുതുന്നു

west indies batting test

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് പൊരുതുന്നു. 312 വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന് 79 റൺസെടുക്കുന്നതിനിടെ 4 വിക്കറ്റുകൾ നഷ്ടമായി. മൂന്ന് വിക്കറ്റുകൾ പിഴുത സ്റ്റുവർട്ട് ബ്രോഡാണ് വിൻഡീസിൻ്റെ നടുവൊടിച്ചത്. 59 ഓവർ കൂടി അവശേഷിക്കെ 233 റൺസ് കൂടി എടുത്താലേ വിൻഡീസിന് വിജയിക്കാൻ കഴിയൂ.

Read Also : തകർത്തടിച്ച് ബെൻ സ്റ്റോക്സ്; വിൻഡീസിനു വിജയലക്ഷ്യം 312 റൺസ്

ആദ്യ ഓവറിൽ തന്നെ ഇംഗ്ലണ്ട് വിൻഡീസിനെ ബാക്ക്‌ഫൂട്ടിലാക്കി. 4 റൺസെടുത്ത ജോൻ കാംപ്ബെൽ സ്റ്റുവർട്ട് ബ്രോഡിൻ്റെ പന്തിൽ ജോസ് ബട്‌ലറുടെ കൈകളിൽ അവസാനിക്കുമ്പോൾ സ്കോർബോർഡിൽ ആകെ 7 റൺസ്. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (12) ക്രിസ് വോക്സിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ബ്രാത്‌വെയ്റ്റ് വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. ഷായ് ഹോപ്പിനെയും (7) റോസ്റ്റൺ ചേസിനെയും (6) സ്റ്റുവർട്ട് ബ്രോഡ് മടക്കി അയച്ചു. ഹോപ്പ് ക്ലീൻ ബൗൾഡായപ്പോൾ ചേസ് വിക്കറ്റിനു മുന്നിൽ കുടുങ്ങി.

അഞ്ചാം വിക്കറ്റിൽ ഷമാർ ബ്രൂക്സും ജെർമൈൻ ബ്ലാക്ക്‌വുഡും ഒത്തുചേർന്നാണ് വിൻഡീസിനെ കൈ പിടിച്ചുയർത്തിയത്. ആക്രമണോത്സുകമായ ബാറ്റിംഗ് കാഴ്ച വെക്കുന്ന ബ്ലാക്ക്‌വുഡിലാണ് വിൻഡീസിൻ്റെ പ്രതീക്ഷ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിൻഡീസ് 4 വിക്കറ്റ് നഷ്ടത്തിൽ 79 റൺസെന്ന നിലയിലാണ്. 19 റൺസുമായി ബ്രൂക്സും 31 റൺസുമായി ബ്ലാക്ക്‌വുഡുമാണ് ക്രീസിൽ.

Read Also : വെസ്റ്റ് ഇൻഡീസ് 287നു പുറത്ത്; ഇംഗ്ലണ്ടിനും ബാറ്റിംഗ് തകർച്ച

37/1 എന്ന നിലയിൽ അവസാന ദിവസത്തിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനായി ടി-20 ശൈലിയിലാണ് സ്റ്റോക്സ് ബാറ്റ് വീശിയത്. കെമാർ റോച്ച് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഒരു ഫോറും ഒരു സിക്സറും സഹിതം ഇന്നിംഗ്സ് ആരംഭിച്ച സ്റ്റോക്സ് ക്യാപ്റ്റൻ ജോ റൂട്ടിനെ കാഴ്ചക്കാരനാക്കി വിൻഡീസ് ബൗളർമാരെ തല്ലിച്ചതച്ചു. ഷാനോൺ ഗബ്രിയേലിനെ അതിർത്തിക്കപ്പുറം എത്തിച്ച് 36 പന്തുകളിൽ സ്റ്റോക്സ് അർദ്ധശതകം തികച്ചു. ഇതിനിടെ, 22 റൺസെടുത്തു നിൽക്കെ സ്റ്റോക്സുമായുണ്ടായ ഒരു ആശയക്കുഴപ്പം ജോ റൂട്ടിൻ്റെ റണ്ണൗട്ടിൽ കലാശിച്ചു. മൂന്നാം വിക്കറ്റിൽ 73 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായതിനു ശേഷമാണ് റൂട്ട് മടങ്ങിയത്.

പിന്നീട് ഇറങ്ങിയ ഒലി പോപ്പും സ്റ്റോക്സിന് ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 39 റൺസ് കൂട്ടിച്ചേർത്തു. 19 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എടുത്തു നിൽക്കെ ഇംഗ്ലണ്ട് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഒലി പോപ്പ് 12 റൺസെടുത്തും സ്റ്റോക്സ് 57 പന്തുകളിൽ 78 റൺസെടുത്തും പുറത്താവാതെ നിന്നു.

Story Highlights west indies batting 2nd test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top