Advertisement

തകർത്തടിച്ച് ബെൻ സ്റ്റോക്സ്; വിൻഡീസിനു വിജയലക്ഷ്യം 312 റൺസ്

July 20, 2020
Google News 2 minutes Read
west indies 312 runs

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിൻ്റെ വിജയലക്ഷ്യം 312 റൺസ്. രണ്ടാം ഇന്നിംഗ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തു നിൽക്കെ ഇംഗ്ലണ്ട് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്. സ്റ്റോക്സ് 78 റൺസെടുത്ത് പുറത്താവാതെ നിന്നു.

Read Also : വെസ്റ്റ് ഇൻഡീസ് 287നു പുറത്ത്; ഇംഗ്ലണ്ടിനും ബാറ്റിംഗ് തകർച്ച

182 റൺസിൻ്റെ ആദ്യ ഇന്നിംഗ്സ് ലീഡുമായാണ് ഇന്നലെ ഇംഗ്ലണ്ട് ബാറ്റിംഗിനിറങ്ങിയത്. 182 റൺസും ഒരു ദിവസവും ബാക്കി നിൽക്കെ വേഗം സ്കോർ ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം. ആതിഥേയർക്കായി ജോസ് ബട്‌ലറും ബെൻ സ്റ്റോക്സും ഓപ്പൺ ചെയ്തെങ്കിലും ആദ്യ ഓവറിൽ തന്നെ കെമാർ റോച്ച് ബട്‌ലറിൻ്റെ (0) സ്റ്റമ്പ് പിഴുതു. സാക്ക് ക്രോളിയും (11) റോച്ചിൻ്റെ പന്തിൽ ക്ലീൻ ബൗൾഡായി. നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 37 എന്ന നിലയിലായിരുന്നു. ബെൻ സ്റ്റോക്സും ജോ റൂട്ടും ആയിരുന്നു ക്രീസിൽ. 219 റൺസ് ലീഡുമായാണ് ഇംഗ്ലണ്ട് നാലാം ദിവസം അവസാനിപ്പിച്ചത്.

അവസാന ദിവസത്തിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനായി ടി-20 ശൈലിയിലാണ് സ്റ്റോക്സ് ബാറ്റ് വീശിയത്. കെമാർ റോച്ച് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഒരു ഫോറും ഒരു സിക്സറും സഹിതം ഇന്നിംഗ്സ് ആരംഭിച്ച സ്റ്റോക്സ് ക്യാപ്റ്റൻ ജോ റൂട്ടിനെ കാഴ്ചക്കാരനാക്കി വിൻഡീസ് ബൗളർമാരെ തല്ലിച്ചതച്ചു. ഷാനോൺ ഗബ്രിയേലിനെ അതിർത്തിക്കപ്പുറം എത്തിച്ച് 36 പന്തുകളിൽ സ്റ്റോക്സ് അർദ്ധശതകം തികച്ചു. ഇതിനിടെ, 22 റൺസെടുത്തു നിൽക്കെ സ്റ്റോക്സുമായുണ്ടായ ഒരു ആശയക്കുഴപ്പം ജോ റൂട്ടിൻ്റെ റണ്ണൗട്ടിൽ കലാശിച്ചു. മൂന്നാം വിക്കറ്റിൽ 73 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായതിനു ശേഷമാണ് റൂട്ട് മടങ്ങിയത്.

Read Also : 8 വിക്കറ്റുകൾ നഷ്ടം; ഇംഗ്ലണ്ടിനെതിരെ വിൻഡീസ് പൊരുതുന്നു

പിന്നീട് ഇറങ്ങിയ ഒലി പോപ്പും സ്റ്റോക്സിന് ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 39 റൺസ് കൂട്ടിച്ചേർത്തു. 19 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എടുത്തു നിൽക്കെ ഇംഗ്ലണ്ട് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഒലി പോപ്പ് 12 റൺസെടുത്തും സ്റ്റോക്സ് 57 പന്തുകളിൽ 78 റൺസെടുത്തും പുറത്താവാതെ നിന്നു. 85 ഓവറിൽ 312 റൺസാണ് വിൻഡീസിൻ്റെ വിജയലക്ഷ്യം.

Story Highlights west indies need 312 runs to win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here