അപൂർവ രോഗവുമായി ചികിത്സയിൽ കഴിയുന്ന നവജാത ശിശുവിന് മുലപ്പാൽ 1000 കിമി അകലെ നിന്ന്

കഴിഞ്ഞ ഒരു മാസക്കാലമായി 33 കാരനായ ജിക്‌മെറ്റ് വാംഗ്ഡസും ഭാര്യാ സഹോദരനും ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മുടങ്ങാതെ ദിവസവും യാത്ര ചെയ്യുകയാണ്. ലേയിൽ നിന്ന് പറന്നിറങ്ങുന്ന ഒരു കൊച്ചു പെട്ടിക്കായാണ് ഈ യാത്ര. ഈ പെട്ടിയിൽ വരുന്നത് സ്വർണമോ മറ്റ് നിധി ശേഖരമോ അല്ല, ഒരു പക്ഷേ അതിനേക്കാൾ വിലമതിക്കുന്ന ഒന്നാണ്. ഒരു അമ്മയുടെ മുലപ്പാൽ…! അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ നവജാത ശിശുവിനെ തേടിയാണ് 1000 കിമി അകലെ നിന്ന് മുലപ്പാൽ വരുന്നത്.
ലേയിലെ സോനം നർബൂ മെമോറിയൽ ആശുപത്രിയിൽ ജൂൺ 16ന് സി-സെക്ഷൻ ശസ്ത്രക്രിയ വഴിയാണ് കുഞ്ഞ് ജനിക്കുന്നത്. ഏറെ സന്തോഷം നൽകിക്കൊണ്ട് ആ കുഞ്ഞ് മുപ്പതുകാരിയായ ദോർജെ പാൽമോയുടേയും ജിക്‌മെറ്റ് വാംഗ്ഡസിന്റെയും ജീവിതത്തിലേക്ക് വന്നത്. എന്നാൽ ആദ്യമായി മുലപ്പാൽ നൽകാനൊരുങ്ങിയപ്പോഴാണ് കുഞ്ഞിന് പാൽ കുടിക്കാൻ സാധിക്കുന്നില്ലെന്ന് അവർ മനസിലാക്കുന്നത്. തുടർന്ന് കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ജൂൺ 18ന് കുഞ്ഞിനെ ഡൽഹിയിലെത്തിച്ചു.
സ്വന്തം അച്ഛന്റെയും അമ്മയുടേയും കരസ്പർശമേൽക്കാതെയാണ് കുഞ്ഞ് വളരുന്നത്. കർണാടകയിൽ നിന്ന് വന്നതുകൊണ്ട് തന്നെ കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ അച്ഛൻ സ്വയം കുഞ്ഞിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുകയാണ്. അമ്മ ശസ്ത്രക്രിയയുടെ അവശതകളെ തുടർന്ന് ലേയിലാണ്. ദോർജെയുടെ സഹോദരനാണ് കുഞ്ഞിനെ എടുത്തതും അടുത്ത് നിന്ന് പരിചരിക്കുന്നതുമെല്ലാം.
ഡൽഹയിലെത്തി കുഞ്ഞിനെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ആയിരത്തിൽ മൂന്ന് പേർക്ക് മാത്രം വരുന്ന ട്രക്കിയോസ്‌ഫേഗൽ ഫിസ്റ്റുല എന്ന രോഗമാണ് കുഞ്ഞിനെന്ന് തിരിച്ചറിയുന്നത്. കുഞ്ഞിന് ഭക്ഷണം ഇറക്കാൻ സാധിക്കാത്തതുകൊണ്ട് മൂക്കിലൂടെ ട്യൂബിട്ടാണ് മുലപ്പാൽ നൽകുന്നത്. മുലപ്പാലിന്റെ ആവശ്യകതയെ കുറിച്ച് വിമാനത്താവള അധികൃതരെ അറിയിച്ചപ്പോൾ അവരും സർവീസ് ചാർജൊന്നുമില്ലാതെ യാത്രക്കാരുടെ സഹകരണത്തോടെ മുലപ്പാലെത്തിക്കാൻ സന്നധരായി.
വിമാനത്തിൽ വരുന്ന പെട്ടിയിൽ കുഞ്ഞു കുപ്പികളിലായി മുലപ്പാൽ ശേഖരിച്ചിട്ടുണ്ട്. ഓരോ കുപ്പിയും 60ml ആണ്. ആവശ്യം കഴിഞ്ഞ് ഈ പെട്ടി അടുത്ത വിമാനത്തിൽ തിരിച്ചയക്കും. അടുത്ത ദിവസവും പെട്ടി നിറയെ മുലപ്പാൽ ഡൽഹിയിലേക്ക് പറന്നിറങ്ങും. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടി-3 ടെർമിനലിൽ പുഞ്ചിരി തൂകി ഒരു മനുഷ്യൻ പെട്ടിയുമായി എത്തും, ജിക്‌മെറ്റിന് പെട്ടി കൈമാറും. ഒരു മാസത്തോളമായി ഈ പതിവ് തുടരുകയാണ്.
കുഞ്ഞ് നിലവിൽ ചികിത്സയോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ട്. ഈ വെള്ളിയാഴ്ചയോടെ കുഞ്ഞ് ആശുപത്രി വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റതവണ മാത്രം കണ്ട മകനെ ഒരു നോക്ക് കാണാനും താലോലിക്കാനുമായി ലേയിൽ ദോർജെ കാത്തിരിക്കുകയാണ്…
Story Highlights –
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here