ചാല മാര്‍ക്കറ്റില്‍ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് തിരുവനന്തപുരത്ത് ആശങ്കയേറ്റുന്നു

Thiruvananthapuram Chalai market

ചാല മാര്‍ക്കറ്റില്‍ കച്ചവടക്കാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് തിരുവനന്തപുരത്ത് ആശങ്കയേറ്റുന്നു. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയാണെങ്കില്‍ മാര്‍ക്കറ്റ് അടച്ചിട്ടേക്കും. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കാനുളള തയാറെടുപ്പിലാണ് ജില്ലാഭരണകൂടം.

തലസ്ഥാന നഗരത്തിലെ രോഗവ്യാപനത്തോത് ഇനിയുമുയരുമോയെന്ന ആശങ്ക പടര്‍ത്തുന്നതാണ് ചാലമാര്‍ക്കറ്റിലെ സാഹചര്യം. ചാലയിലും മാര്‍ക്കറ്റിനോട് ചേര്‍ന്ന് കിടക്കുന്ന കരിമഠം കോളനിയിലുമായി രണ്ടുദിവസത്തിനിടെ ഇരുപതോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗ്രാമീണ മേഖലയില്‍ നിന്നടക്കം നൂറുകണക്കിന് ചെറുകിട വ്യാപാരികള്‍ ആശ്രയിക്കുന്ന ജില്ലയിലെ മൊത്തവ്യാപാര കേന്ദ്രമാണ് ചാലമാര്‍ക്കറ്റ്. ഇവിടുത്തെ ചുമട്ടുതൊഴിലാളികള്‍ക്കും കടകളിലെ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കവ്യാപനം കുതിച്ചുയരുന്നതിന് കാരണമാകുമോയെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും.

ചാലയിലും കരിമഠം കോളനിയിലും ആന്റിജന്‍ പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. ചാലയിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിക്കുകയാണെങ്കില്‍ മാര്‍ക്കറ്റ് അടയ്ക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. അനിശ്ചിതകാലത്തേക്ക് ചാല മാര്‍ക്കറ്റ് അടയ്ക്കുന്നത് ജില്ലയിലെ ചരക്ക് നീക്കം തടസപ്പെടുത്തുമോയെന്ന ആശങ്ക മറ്റൊരു ഭാഗത്തുമുണ്ട്. ഇതിനോടകം രണ്ടായിരം കടന്നു ജില്ലയിലെ രോഗികളുടെ എണ്ണം. ദിനംപ്രതി രോഗികളുടെ എണ്ണം കുതിച്ചുയരുകയുമാണ്.

ഈ പശ്ചാത്തലത്തില്‍ നാളെ മുതല്‍ പത്തു പുതിയ കേന്ദ്രങ്ങളിലായി 1780 കിടക്കകള്‍ കൂടി സജ്ജീകരിക്കും. കൂടുതല്‍ കേന്ദ്രങ്ങള്‍ ഏറ്റെടുത്ത് ക്രമീകരണമേര്‍പ്പെടുത്താനുളള നീക്കത്തിലാണ് ജില്ലാഭരണകൂടം. രോഗികളുടെ എണ്ണം എത്ര ഉയര്‍ന്നാലും അവര്‍ക്ക് വേണ്ട സൗകര്യമൊരുക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. ഗുരുതര സ്ഥിതിവിശേഷം തുടരുന്ന തീരദേശമേഖലയില്‍ കടുത്ത നിയന്ത്രണവും കര്‍ശന നിരീക്ഷണവും തുടരുകയാണ്.

Story Highlights Thiruvananthapuram Chalai market

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top