കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; തിരുവനന്തപുരത്ത് ആശങ്ക വര്‍ധിക്കുന്നു

thiruvananthapuram corona

കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് ആശങ്ക വര്‍ധിക്കുന്നു. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നിയന്ത്രിത മേഖലകള്‍ക്ക് പുറത്ത് രോഗവ്യാപനമുണ്ടാകുന്നതും പ്രതിസന്ധിയാണ്. ക്ലസ്റ്ററുകളായി മാറാന്‍ സാധ്യതയുള്ള ചാല മാര്‍ക്കറ്റും, കരിമഠവും കേന്ദ്രീകരിച്ച് പരിശോധനകള്‍ ആരംഭിച്ചു.

കൊവിഡ് വ്യാപനത്തിലെ ഏറ്റവും അപകടകരമായ പ്രാദേശിക വ്യാപനം തിരുവനന്തപുരത്ത് പിടിമുറുക്കുകയാണ്. 94.4 ശതമാനം പ്രാദേശിക വ്യാപനമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. ജനറല്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കും, മെഡിക്കല്‍ കോളജിലെ ഏഴ് നഴ്‌സുമാര്‍ക്കും, നഴ്‌സിംഗ് കോളജിലെ രണ്ടു വിദ്യാര്‍ഥികള്‍ക്കും അടക്കം 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

അടിയന്തിര സാഹചര്യം കണക്കിലെടുത്ത് മെഡിക്കല്‍ കോളജില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നഗരസഭയിലെ നാല് കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റ് കൗണ്‍സിലര്‍മാരുടെയും, നഗരസഭാ ജീവനക്കാരുടെയും സ്രവ പരിശോധന ആരംഭിച്ചു. ചാല കമ്പോളവും, കരിമഠം കോളനിയും കേന്ദ്രീകരിച്ചും പരിശോധനകള്‍ തുടങ്ങി.

ചാലയില്‍ രണ്ടു ദിവസമായി നടത്തിയ പരിശോധനയില്‍ 16 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് വീണ്ടും രണ്ട് പൊലീസുകാര്‍ക്ക് കൂടി തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചു. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കും, ഇന്റലിജന്‍സ് ആസ്ഥാനത്തെ ഡ്രൈവര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമൂഹവ്യാപനമുണ്ടായ പൂന്തുറയടക്കമുള്ള പ്രദേശങ്ങളില്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ വ്യാപനം പിടിച്ചു നിര്‍ത്താന്‍ തീവ്രയത്‌നം തുടരുകയാണ്. ജില്ലയില്‍ കൂടുതല്‍ പ്രാഥമിക ചികിത്സാ സൗകര്യമൊരുക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ജില്ലയില്‍ 2421 പേരാണ് ചികിത്സയിലുള്ളത്.

Story Highlights covid Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top