പാലത്തായി പീഡനക്കേസ് അന്വേഷിക്കാൻ വനിതാ ഉദ്യോഗസ്ഥർ

കണ്ണൂർ പാലത്തായി പീഡനക്കേസ് അന്വേഷണത്തിന് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കാസർഗോഡ് എസ്പി ഡി ശിൽപ, കണ്ണൂർ നാർകോട്ടിക് സെൽ ഡിവൈഎസ്പി രേഷ്മ രമേശ് ഐപിഎസ് എന്നിവരെയാണ് അന്വേഷണം നടത്തുക. ഇരയുടെ കുടുംബത്തിന്റെ ആവശ്യമായിരുന്നു പീഡനക്കേസ് വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്നുള്ളത്.

കേസ് അന്വേഷിക്കുന്ന ഐജി ശ്രീജിത്തിന്റെ അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റാൻ തീരുമാനമായത്. കേസിലെ പ്രതിയും ബിജെപി നേതാവുമായ അധ്യാപകൻ കുനിയിൽ പദ്മരാജനെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന ആരോപണവും അതിനിടയിലുണ്ട്.

Read Also : പാലത്തായി കേസിൽ ആർഎസ്എസുകാരനായ പ്രതിക്കു വേണ്ടി ഞാൻ നിലകൊണ്ടന്ന അപവാദപ്രചാരണം ആരും വിശ്വസിക്കില്ല; ആരോഗ്യമന്ത്രി

കണ്ണൂരിലെ പാലത്തായി പീഡനക്കേസിൽ തുടരന്വേഷണം നടത്താൻ കോടതിയുടെ അനുമതി നൽകിയിരുന്നു. പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിലാണ് തലശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി നിർദേശം നൽകി. കുട്ടിയുടെ മൊഴി ഓഡിയോ ആയും വീഡിയോ ആയും റെക്കോർഡ് ചെയ്യണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

കേസിലെ പ്രതിയും ബിജെപി നേതാവുമായ കുനിയിൽ പത്മരാജന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കേസിൽ പോക്‌സോ വകുപ്പ് ചുമത്താതെ ഭാഗിക കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത്. പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവുകൾ ലഭിക്കാത്തതിനാൽ കൂടുതൽ അന്വേഷണം നടത്തണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം.

Story Highlights palathayi rape case, woman ips officers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top