കൂടുതൽ കോളജുകൾക്ക് സ്വയംഭരണ പദവി നൽകാൻ അനുമതിയുമായി സർക്കാർ

കൂടുതൽ കോളജുകൾക്ക് സ്വയംഭരണ പദവി നൽകാൻ അനുമതിയുമായി സംസ്ഥാന സർക്കാർ. പദവി നൽകുക നാല് സ്വാശ്രയ എൻഞ്ചിനീയറിംഗ് കോളജുകൾക്കും 12 എയ്ഡഡ് കോളജുകൾക്കുമാണ്. മൂന്ന് എഞ്ചിനീയറിംഗ് കോളജുകൾക്ക് കഴിഞ്ഞ ദിവസം സ്വയംഭരണ പദവി നൽകിയിരുന്നു. കൊച്ചിയിലെ രാജഗിരി സ്‌കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി, കോട്ടയത്തെ സെയ്ന്റ് ഗിറ്റ്‌സ് കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരത്ത് മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങൾക്കാണ് സ്വയംഭരണ പദവി ലഭിച്ചത്.

Read Also : കെ ടി ജലീലിന് പ്രോ ചാൻസലർ പദവിക്കുള്ള അർഹത നഷ്ടപ്പെട്ടു: ചെന്നിത്തല

കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി ഇക്കാര്യത്തിൽ സർക്കാരിനെതിരെ സമൂഹ മാധ്യമത്തിലൂടെ വിമർശനം ഉന്നയിച്ചിരുന്നു. മാർക്‌സിസ്റ്റ് പാർട്ടി എതിർക്കുകയും സമരം ചെയ്യുകയും അധികാരത്തിൽ കയറി അത് തിരുത്തുകയും ചെയ്ത അനേകം നയമാറ്റങ്ങളിലെ ഏറ്റവും ഒടുവിലത്തെ കാര്യമാണ് സ്വയംഭരണാവകാശമുള്ള കോളേജുകളുടെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കോളജുകൾക്ക് സ്വയംഭരണാധികാരം നല്കിയതിനെ സ്വാഗതം ചെയ്യുന്നു. അർഹതയുടെ അടിസ്ഥാനത്തിൽ തികച്ചും അനുയോജ്യമായ തീരുമാനമാണ് ഗവൺമെന്റും യുജിസിയും എടുത്തതെന്നും ഉമ്മൻചാണ്ടി.

അഞ്ഞൂറിലധികം സ്വയംഭരണാധികാര കോളേജുകൾ ഇന്ത്യയിൽ ഉണ്ടായിട്ടും കേരളത്തിൽ ഒരു സ്വയംഭരണ കോളജ് പോലും ഇല്ലാതിരുന്നതുകൊണ്ടാണ് മുൻ യുഡിഎഫ്. സർക്കാർ സ്വയംഭരണാധികാരമുള്ള കോളജുകൾ കേരളത്തിൽ തുടങ്ങുന്നതിന് നയപരമായ തീരുമാനം എടുത്തത്. ഇതിനെ അന്ന് എൽഡിഎഫ് അതിശക്തമായി എതിർത്തു. യുജിസിയുടെ പരിശോധന പോലും തടയുവാൻ ശ്രമിച്ചു. അധ്യാപക സംഘടനയുടെ കൂടി പങ്കാളിത്തത്തോടെയാണ് ഗവൺമെന്റ് കോളേജുകളുടെ പരിശോധന തടഞ്ഞത്.

18 എയിഡഡ് ആർട്ട്‌സ് ആന്റ് സയൻസ് കോളജുകളും ഒരു ഗവൺമെന്റ് കോളജും ഉൾപ്പെടെ 19 കോളജുകളെ സ്വയംഭരണാധികാരമുള്ള കോളജുകളായി എല്ലാ എതിർപ്പുകളെയും മറികടന്നുകൊണ്ട് യുഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് യുജിസി പ്രഖ്യാപിച്ചു. യുജിസിയുടെ ടീം തെരഞ്ഞെടുത്ത കോളജുകളുടെ അർഹതയെ ആരും ചോദ്യം ചെയ്തില്ല.

സ്വയംഭരണാവകാശ കോളജുകൾക്ക് എതിരെ ശബ്ദം ഉയർത്തുകയും സമരം നടത്തുകയും ചെയ്തവർ തുടർന്ന് അധികാരത്തിൽ വന്നപ്പോൾ യൂണിവേഴ്‌സിറ്റികൾ വഴി സ്വയംഭരണസ്ഥാപനങ്ങളെ വീർപ്പ് മുട്ടിച്ചു. എന്നാൽ ഇപ്പോൾ ഇടത് സർക്കാർ നയം മാറ്റി സ്വയംഭരണാവകാശ കോളജുകൾ അനുവദിക്കുകയാണ് ചെയ്തത്.

ട്രാക്ടർ വിരുദ്ധ സമരം, കമ്പ്യൂട്ടർ വിരുദ്ധ സമരം, വേൾഡ് ബാങ്ക്, എഡിബി ബാങ്ക് തുടങ്ങിയ അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള വായ്പ വാങ്ങുന്നതിന് എതിരെയുള്ള സമരം അങ്ങനെ എത്രയോ അനാവശ്യ സമരങ്ങളാണ് ഇടതുപക്ഷം നടത്തിയത്. പിന്നീടു വർഷങ്ങൾക്ക് ശേഷം നയം മാറ്റിയപ്പോൾ കേരളത്തിന്റെ ഓരോ മേഖലയിലും വലിയ തിരിച്ചടികൾ ഉണ്ടായി.

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്ത് ഒന്നാമതാണെങ്കിലും ഉന്നതസാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നമുക്ക് അത്ര അഭിമാനിക്കുവാൻ വകയില്ല. പതിനായിരക്കണക്കിന് സമർത്ഥരായ വിദ്യാർത്ഥികളാണ് മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും പഠിക്കാൻ പോകുന്നത്. അവർക്ക് ഇവിടെ പഠിക്കാനുള്ള അവസരം കൊടുക്കാൻ നമുക്കു സാധിക്കും. അതിന് യാഥാർത്ഥ്യബോധത്തോടുകൂടി പ്രവർത്തിച്ചാൽ മാത്രം മതിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

Story Highlights autonomous college

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top