‘റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ’ വൈറൽ വിഡിയോയിലെ മിടുക്കൻ ആരെന്നറിയാമോ?

‘ജീവിതത്തിലെ എല്ലാ പരിശ്രമങ്ങളും പാളി പോയി എന്ന് കരുതി നിരാശപ്പെട്ട് ഇരിക്കുന്നവർ ഈ രണ്ട് മിനുറ്റ് വീഡിയോ കാണുക. ഇവനെക്കാൾ വലിയൊരു മോട്ടിവേറ്ററെ ഞാൻ ഇത് വരെ കണ്ടിട്ടില്ല’ എന്ന അടിക്കുറിപ്പുമായി ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
വീട്ടിലെ മുറിയിൽ കടലാസ് ഉപയോഗിച്ച് ക്രാഫ്റ്റ് ഉണ്ടാക്കാൻ നിഷ്‌കളങ്കമായി പറഞ്ഞു തരുന്ന പത്തുവയസുകാരൻ, ഉണ്ടാക്കുന്ന പൂ തന്നെ പാളിപ്പോകുന്നതാണ് വിഡിയോയിൽ കാണാന്‍ സാധിക്കുക. എന്നാൽ ഇത് ശരിയായില്ലെങ്കിലും കുഴപ്പമില്ലെന്നും അവൻ തന്നെ പറയുന്നു.
‘ചിലരുടെത് ശരിയാകും, ചിലരുടെത് ശരിയാകില്ല. എന്റെത് റെഡിയായില്ല, റെഡിയായില്ലെങ്കിലും എനിക്ക് കുഴപ്പമില്ല’ എന്ന് കുട്ടി പറയുമ്പോൾ നമ്മളും ഒന്ന് ചിന്തിച്ച് പോകും. പ്രായത്തിൽ വലിയവരായിട്ട് കൂടി ചെറിയ തെറ്റുകളിൽ പോലും പകച്ച് നിൽക്കുന്നവർക്ക് നല്ലൊരു പാഠമാണ് ഈ കൊച്ചുകുട്ടി നൽകുന്നത്.
Read Also : നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെടുത്തി അമ്മ; വീഡിയോ വൈറൽ
ഈ കൊച്ചുമിടുക്കന്‍ ആരെന്ന് അറിയാമോ? മലപ്പുറം കൊണ്ടോട്ടി കിഴിശേരി കുഴിഞ്ഞോളത്തുള്ള മുഹമ്മദ് ഫായിസാണ് വിഡിയോയിലൂടെ വൈറൽ താരമായത്. കുഴിമണ്ണ ഇസ്സത്ത് സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുകയാണ് ഫായിസ്. ഈ മാസം 22ന് ചിത്രീകരിച്ച വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്.
തരംഗമായി മാറിയത് ഗൾഫിലുള്ള പിതാവ് മുനീറിന് അയച്ചുകൊടുത്ത വിഡിയോയാണ്. വീട്ടുകാർ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ ഒഴിഞ്ഞുമാറിയ ഫായിസ് മാതാവിന്റെ മൊബൈലുമെടുത്ത് പോയത് വിഡിയോ ചിത്രീകരിക്കാനായിരുന്നു. പുസ്തകങ്ങൾ അടുക്കി അതിന് മുകളിൽ ഫോൺ വച്ചാണ് വിഡിയോ ചിത്രീകരിച്ചത്.
പിന്നീട് കുടുംബത്തിന്റെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട വിഡിയോ പിന്നീട് മറ്റ് ഗ്രൂപ്പുകളിലേക്കും പരക്കുകയായിരുന്നു. സഹപാഠികളും അധ്യാപകരുമെല്ലാം ഫായിസിന്റെ വിഡിയോ സ്റ്റാറ്റസായി ഇട്ടു. അഭിനന്ദനവുമായി എത്തിയതും നിരവധി ആളുകളാണ്. ചിലർ സമ്മാനവും വാഗ്ദാനം ചെയ്തു. കൂടുതൽ വിഡിയോ ചെയ്യാനായി ഇപ്പോൾ ഫായിസ് ഒരു യൂട്യൂബ് ചാനലും ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. ഫായിസ് മനു എന്റർടെയ്ൻമെന്റ് എന്നാണ് ചാനലിന് പേര് നൽകിയിരിക്കുന്നത്.
Story Highlights – viral video, malappuram, kid, muhammad fayis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here