സ്വർണക്കടത്ത് കേസ്; ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കർ കൊച്ചിയിലെത്തി

സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കർ കൊച്ചിയിലെത്തി. ഒൻപത് മണിക്ക് ശേഷമാണ് കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് എത്തിച്ചേർന്നത്. പുലർച്ച നാലരയോടെയാണ് ശിവശങ്കർ തിരുവനന്തപുരത്തെ പൂജപ്പുരയിലുള്ള വസതിയിൽ നിന്ന് പുറപ്പെട്ടത്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി എഎൻഐയുടെ പ്രത്യേക സംഘം ഇന്നലെ തന്നെ കൊച്ചിയിലെത്തിയിരുന്നു.

എൻഐഎ കൊച്ചി യൂണിറ്റിനൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘവും കസ്റ്റസും ചോദ്യം ചെയ്യലിൽ ഭാഗമാകും.
പ്രത്യേകം എഴുതി തയാറാക്കിയ 56 ചോദ്യങ്ങളാണ് അന്വേഷണസംഘം തയാറാക്കിയിട്ടുള്ളത്. സ്വർണക്കടത്ത് കേസില പ്രതികളുമായി എം ശിവശങ്കരൻ പല സന്ദർഭങ്ങളിലും ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ചോദ്യം ചെയ്യൽ.

എൻഐഎയുടെ കൊച്ചി ഓഫീസിൽ പ്രത്യേകം തയാറാക്കിയ മുറിയിലാകും ചോദ്യം ചെയ്യൽ. ഇത് വീഡിയോയിൽ പകർത്തും. ചില ഫോൺകോളുടെയും ദൃശ്യങ്ങളുടെയും വിവരങ്ങൾ സഹിതമാകും ചോദ്യം ചെയ്യൽ.

കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കർ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലിൽ എൻ.ഐ.എ.യോട് പറഞ്ഞിരുന്നത്. എന്നാൽ, കസ്റ്റംസിന് നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടായിരുന്നു. ഇക്കാര്യത്തിലും അന്വേഷണ സംഘം വ്യക്തത തേടും.

ഇതിനു പുറമേ, യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാനായിരുന്ന ജയഘോഷിനെയും ചോദ്യം ചെയ്ത് പ്രതിപ്പട്ടികയിൽ ചേർക്കാനും നീക്കമുണ്ട്. സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും പല ഘട്ടങ്ങളിലും ജയഘോഷ് സഹായിച്ചിട്ടുണ്ടെന്നാണ് എൻഐഎ കണ്ടെത്തിയിരുന്നു.

Story Highlights – Gold smuggling case; Former Principal Secretary to the Chief Minister M Sivasankar arrived in Kochi for questioning

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top