Advertisement

12 മിനിട്ടിൽ ഹോളിവുഡിനോട് കിടപിടിക്കുന്ന ആക്ഷൻ പാക്ക്ഡ് ഷോർട്ട് ഫിലിം; ‘വോൾഫ്മാൻ’ ഒരു യുണിക്ക് അനുഭവം

July 27, 2020
Google News 3 minutes Read
wolfman viral short film

കാക്കത്തൊള്ളായിരം ഹ്രസ്വചിത്രങ്ങളാണ് മലയാളത്തിലുള്ളത്. ദിനംപ്രതി പല ചാനലുകളിലൂടെ റിലീസാവുന്നത് വേറെ. ഇതിൽ നിന്ന് മികച്ചവ തിരഞ്ഞെടുക്കുക ഏറെ ബുദ്ധിമുട്ടാണ്. മികച്ച ചിത്രങ്ങളിൽ പലതും കാഴ്ചക്കാരില്ലാതെ പോകുന്നുണ്ട്. അത്തരത്തിലുള്ള ഒരു ഷോർട്ട് ഫിലിമാണ് വോൾഫ് മാൻ.

12 മിനിട്ടിൽ മുഴുനീള ആക്ഷനാണ് വോൾഫ് മാൻ്റെ വാഗ്ദാനം. തുടക്കം മുതൽ ഒടുക്കം വരെ കിടിലൻ ഇടി. ഹോളിവുഡ് സിനിമകളിലൊക്കെ കാണുന്ന രോമാഞ്ചിഫിക്കേഷനുണ്ടാവുന്ന ആക്ഷൻ രംഗങ്ങളോട് കിടപിടിക്കുന്ന ഈ ഷോർട്ട് ഫിലിം ഒരുക്കിയത് ബെൻ സെബാസ്റ്റ്യൻ എന്ന കോട്ടയംകാരനാണ്. എഞ്ചിനീയറാണ്. സിനിമാ മേഖല ഇഷ്ടമായതു കൊണ്ട് പഠിച്ചതുപേക്ഷിച്ച് സിനിമാ മോഹിയായി. പക്ഷേ, അതത്ര എളുപ്പമായിരുന്നില്ല. 2016ൽ ഷോർട്ട് ഫിലിം മോഹം കത്തി നിൽക്കുന്ന സമയത്ത് ബെന്നിന് ബെൽസ് പാൾസി എന്ന അസുഖം പിടിപെട്ടു. ബെന്നിൻ്റെ മുഖത്തിന്റെ ഒരു വശം തളർന്നു പോയി. ആ സമയത്താണ് മകൻ്റെ സിനിമാ ഭ്രമം അപ്പൻ കൃത്യമായി മനസ്സിലാക്കുന്നത്. അങ്ങനെ സിനിമ പിടിക്കാൻ മകന് രണ്ട് ലക്ഷം രൂപ നൽകി. ആ പണം കൊണ്ടാണ് ബെൻ വോൾഫ്മാൻ എടുത്തത്.

Read Also : ആക്ട് സ്മാർട്ട്; വ്യാജ കാസ്റ്റിംഗ് കോളുകൾക്ക് എതിരെ ഫെഫ്കയുടെ ഹ്രസ്വ ചിത്രം

10 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പിതാവ് നൽകിയ 2 ലക്ഷം രൂപ ഇതിനോടകം തീർന്നിരുന്നു. പിന്നെ കടം വാങ്ങിയും മറ്റും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കൂടി തീർത്തു. ഒടുവിൽ 2020 ജൂലായ് 24ന് വോൾഫ്മാൻ യൂട്യൂബിൽ റിലീസായി. കേട്ടറിഞ്ഞ ആളുകൾ വോൾഫ് മാൻ കണ്ട് പിശുക്കില്ലാതെ കയ്യടിച്ചു. 19792 പേരാണ് ഇതിനോടകം ഈ ഹ്രസ്വചിത്രം കണ്ടത്. സമീപഭാവിയിൽ തന്നെ ബെൻ എടുക്കാനിരിക്കുന്ന സിനിമയുടെ ട്രെയിലർ എന്നാണ് നെറ്റിസൺ ഈ ഷോർട്ട് ഫിലിമിനെ വിശേഷിപ്പിക്കുന്നത്.

“2016ൽ തന്നെയായിരുന്നു ഷൂട്ട്. ഷൂട്ടിംഗ് തുടങ്ങുന്നതിനു രണ്ട് മാസം മുൻപാണ് അസുഖം വന്നത്. മുഖത്തെ മസിലുകൾക്ക് ചലനശേഷി ഇല്ലായിരുന്നു. ഇടതുവശത്തയിരുന്നു പ്രശ്നം. ആ വശത്തെ കണ്ണ് അടക്കാൻ പറ്റില്ലായിരുന്നു. ചിരിക്കുമ്പോഴും അവിടെ ഒന്നും കാണില്ല. കാഴ്ചക്കോ കേൾവിക്കോ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഷൂട്ട് ചെയ്തു. ഓരോ സീനും കൃത്യമായി കാണാനും മാറ്റം വരുത്താനുമൊന്നും കഴിയുന്ന തരത്തിൽ ടെക്നിക്കലി മികച്ച സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ, ഓരോ സീനും കട്ടും എഡിറ്റഡ് വേർഷനുമൊക്കെ മനസ്സിൽ കണക്കുകൂട്ടി ഷൂട്ട് ചെയ്യുകയായിരുന്നു. സ്റ്റോറി ബോർഡ് ഒന്നും ഉണ്ടായിരുന്നില്ല. സ്റ്റണ്ടൊക്കെ അപ്പപ്പോൾ ഇംപ്രൊവൈസ് ചെയ്തതാണ്. ഫൈറ്റ് കൊറിയോഗ്രാഫർമാരായി രണ്ട് പേർ ഉണ്ടായിരുന്നു. അഭിനേതാക്കളൊക്കെ സുഹൃത്തുക്കൾ തന്നെ, നായകൻ എറണാകുളത്തെ ഒരു ബൈക്ക് സ്റ്റണ്ടർ ആയിരുന്നു. അദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ലായിരുന്നു. അതുകൊണ്ടാണ് ഡയലോഗുകൾ ഒഴിവാക്കിയത്. മിഖായേലിൻ്റെ സൗണ്ട് ഡിസൈൻ ടീം വോൾഫ് മാനിലും വർക്ക് ചെയ്തിട്ടുണ്ട്. എഡിറ്റിംഗും വിഎഫ്എക്സുമൊക്കെ ഞാൻ തന്നെ ചെയ്തു.”- ബെൻ പറയുന്നു.

“അസുഖം വന്നതിനു ശേഷം അലോപ്പതി ചികിത്സ കുറേ ചെയ്തു. എന്നിട്ടും ശരിയായില്ല. ഷൂട്ടൊക്കെ കഴിഞ്ഞ് ആറന്മുളയിൽ ഒരു വൈദ്യൻ്റെ അടുക്കൽ 3 മാസത്തെ ചികിത്സ നടത്തിയാണ് അല്പമെങ്കിലും ശരിയായത്. സിനിമാ ഗ്രൂപ്പുകളിലാണ് ആദ്യം ഷോർട്ട് ഫിലിമിനെപ്പറ്റി കുറിപ്പെഴുതുന്നത്. മിഥുൻ മാനുവൽ തോമസ് യൂട്യൂബ് ലിങ്ക് ഷെയർ ചെയ്തിരുന്നു. മുണ്ണി മുകുന്ദനും ഷെയർ ചെയ്തിരുന്നു. ഭാവിയിൽ ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞു. എഫോർ എൻ്റർടൈന്മെൻ്റ് വിളിച്ച് ഭാവിയിൽ സിനിമ ചെയ്യാമെന്ന് പറഞ്ഞു. സിനിമാ മേഖലയിലെ തന്നെ ഒരു നിർമാതാവ് വിളിച്ച് ഇത് തന്നെ പറഞ്ഞു. അങ്ങനെ ചില ഓഫറുകൾ വരുന്നുണ്ട്.”- ബെൻ തുടർന്നു.

എഞ്ചിനീയറിംഗ് ഡ്രോപ്പൗട്ടാണ് ബെൻ. 2014ൽ ചൂണ്ടച്ചേരിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ നിന്ന് പാസൗട്ടായി. യൂട്യൂബ് ട്യൂട്ടോറിയലുകൾ കണ്ടാണ് സിനിമാ പിടുത്തത്തെപ്പറ്റി കൂടുതൽ അറിയുന്നത്. തുടർന്ന് ഒരു ഷോർട്ട് ഫിലിമിൽ അസിസ്റ്റൻ്റ് ഡയറക്ടറായി ജോലി ചെയ്തതോടെ വീണ്ടും ചില കാര്യങ്ങൾ പഠിച്ചു. ഇപ്പോൾ ചേർത്തലയിൽ സുഹൃത്തുക്കളുമായി ഒരു ഗ്ലൗസ് ഫാക്ടറി തുടങ്ങിയിട്ടുണ്ട്. 6 മാസത്തിനുള്ളിൽ ഒരു ഷോർട്ട് ഫിലിം കൂടി ചെയ്യാൻ പ്ലാനുണ്ട്. എന്തായാലും ഒരു വർഷത്തിനുള്ളിൽ ആദ്യ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെങ്കിലും ആരംഭിക്കുമെന്ന് ബെൻ പറയുന്നു.

സച്ചു കുസുമലയം ആണ് ചിത്രത്തിൻ്റെ ക്യാമറ. സൗണ്ട് മിക്സ് അനീഷ് പി ടോം. ലിറിക് റോയ് സംഗീതവും അരുൺ ഗോപി മേക്കപ്പും നിർവഹിച്ചിരിക്കുന്നു. ഫെബിൻ ജോസഫാണ് ആർട്ട്.

Story Highlights wolfman viral short film

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here