കൊവിഡ് ആശങ്കയിൽ ബത്തേരി; ഇന്നും ആന്റിജൻ പരിശോധന തുടരും

coronavirus

വയനാട്ടിൽ ഒരിടവേളക്ക് ശേഷം കൊവിഡ് ആശങ്ക ശക്തമാകുന്നു. ബത്തേരിയിലെ സൂപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ചും വാളാട് മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവരിലുമാണ് രോഗം പടർന്ന് പിടിക്കുന്നത്. ജില്ലയിൽ ഇന്നും ആന്റിജൻ പരിശോധന തുടരും. ബത്തേരി ലാർജ്ജ് ക്ലസ്റ്ററാകാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.

ബത്തേരിയിലെ മലബാർ ട്രേഡിംഗ് കമ്പനിയിലെ 20 ജീവനക്കാർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്ക പട്ടികയിൽ 300ൽ അധികം പേർ വരുമെന്നാണ് ഔദ്യോഗിക കണക്ക്. കടയിൽ വന്നുപോയവരെയെല്ലാം അടിയന്തരമായി കണ്ടെത്തുകയാണ് ആരോഗ്യവകുപ്പ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന കടയുടെ ലൈസൻസ് സസ്‌പെഡ് ചെയ്യുന്നതായി ബത്തേരി മുനിസിപ്പാലിറ്റി അറിയിച്ചു.

Read Also : ഏറ്റുമാനൂര്‍ മേഖലയില്‍ പുതിയ കൊവിഡ് ക്ലസ്റ്റര്‍; കര്‍ശന നിയന്ത്രണം

വാളാട് മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവരെ സംബന്ധിച്ചും വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. നിലവിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ കൂടുതൽ പേർക്ക് രോഗം ബാധിച്ചിരിക്കാം എന്നാണ് നിഗമനം. പ്രായം കുറഞ്ഞ ആളുകൾക്ക് വരെ രോഗം പടരുന്നുവെന്നതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക പറഞ്ഞു.

വാളാട് മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവർക്ക് 110 പേരോളമായി സമ്പർക്കമുണ്ടെന്നാണ് കണക്കുകൾ. ഇരുമേഖലകളും കേന്ദ്രീകരിച്ച് ആന്റിജൻ പരിശോധനകൾ പുരോഗമിക്കുന്നുണ്ട്. ജില്ലയിൽ ഒരിടവേളക്ക് ശേഷം രോഗവ്യാപനം ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്ന സൂചനയാണ് മാറിയ കണക്കുകൾ വ്യക്തമാക്കുന്നത്.

Story Highlights covid, wayand

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top