കൊവിഡ് പരിശോധനകള്‍ വൈകുന്നു എന്നത് തെറ്റായ പ്രചാരണം; മുഖ്യമന്ത്രി

cm pinarayi vijayan

സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ വൈകുന്നു എന്നത് തെറ്റായ പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ പ്രചാരണം അവരുടെ മനോവീര്യം തകര്‍ക്കാനിടയാക്കും. പരിശോധനാ ലാബുകളുടെ എണ്ണവും പരിശോധനകളും പരമാവധി കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്ക് സാമ്പിളുകള്‍ ലാബില്‍ എത്തിക്കുമ്പോള്‍ തരംതിരിച്ച് ലേബല്‍ ഒട്ടിച്ച് രജിസ്റ്റര്‍ ചെയ്ത് കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്താണ് പരിശോധനാ പ്രക്രിയയിലേക്ക് കടക്കുന്നത്. ഒരു ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് കുറഞ്ഞത് 6 മണിക്കൂര്‍ വേണം. പരിശോധന ഐസിഎംആറിന്റെ ഗൈഡ്‌ലൈന്‍ അനുസരിച്ച് മാത്രമേ നടത്താന്‍ കഴിയുകയുള്ളൂ. ഏതെങ്കിലും ഫലത്തില്‍ സംശയം തോന്നിയാല്‍ വീണ്ടും ആ സാമ്പിള്‍ പരിശോധിക്കും. അതിന് വീണ്ടും അത്രയും സമയം എടുക്കും. റിപ്പീറ്റ് പരിശോധന ചിലപ്പോള്‍ അന്നുതന്നെ ചെയ്യാന്‍ കഴിയില്ല. വീണ്ടും സംശയം വന്നാല്‍ ആലപ്പുഴ എന്‍ഐവിയിലയച്ച് വ്യക്തത വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫലം ആരോഗ്യ വകുപ്പിന്റെ മോണിറ്ററിംഗ് പോര്‍ട്ടലിലാണ് അപ്‌ലോഡ് ചെയ്യുന്നത്. പോസിറ്റീവായാല്‍ അതത് ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ക്കും ഈ ഫലം നേരിട്ട് കാണാം. ഇതനുസരിച്ച് അവര്‍ തുടര്‍നടപടി സ്വീകരിക്കുന്നു. 14 ജില്ലകളിലേയും ഫലം സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമില്‍ എത്തും. അതാണ് സംസ്ഥാനത്തെ ആകെ കണക്കായി വരുന്നത്. നെഗറ്റീവായാല്‍ ജില്ലാ കണ്‍ട്രേള്‍ റൂമിലേക്കും സംസ്ഥാന കണ്‍ട്രോള്‍ റൂമിലേക്കുമാണ് അയയ്ക്കുക. ശ്വാസതടസമുള്ളവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍ എന്നീ വിഭാഗക്കാര്‍ക്ക് മുന്‍ഗണ നല്‍കി എമര്‍ജന്‍സിയായി പരിശോധനാ ഫലം നല്‍കാറുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് മിക്ക ലാബുകളും. ഇന്നലെ മാത്രം 7012 ആര്‍ടിപിസിആര്‍ റുട്ടീന്‍ സാമ്പിളുകളാണ് പരിശോധിച്ചത്. പിപിഇ കിറ്റ് ധരിച്ച് ഏറെ പ്രയാസമനുഭവിച്ചാണ് ജീവനക്കാര്‍ ഇത്രയും പരിശോധന നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.\

Story Highlights Delaying covid tests is false propaganda; CM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top