Advertisement

കൊവിഡിനൊപ്പമുള്ള ആറുമാസം; കൊവിഡ് പ്രതിരോധത്തിലെ സര്‍ക്കാര്‍ പങ്ക് വിശദീകരിച്ച് മുഖ്യമന്ത്രി

July 30, 2020
Google News 2 minutes Read
pinarayi vijayan

കൊവിഡിനൊപ്പം നമ്മള്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് ആറു മാസം ആവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് അപരിചിതമായ സാചര്യത്തെ കൈകാര്യം ചെയ്യുന്നത്. ജനങ്ങള്‍ ഇക്കാര്യത്തില്‍ കാട്ടുന്ന ജാഗ്രതയും പിന്തുണയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് എന്ത് പങ്കാണുള്ളത് എന്നൊരു ചോദ്യം ഇന്ന് കേട്ടു. കൊവിഡ് പ്രതിരോധത്തിന്റെ നാള്‍ വഴികള്‍ പരിശോധിച്ചാല്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ജനുവരി 30 നാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചതെങ്കിലും നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അതിലേറെ പഴക്കമുണ്ട്. ജനുവരി രണ്ടാമത്തെ ആഴ്ച മുതല്‍ ചൈനയില്‍ ഒരു പ്രത്യേകതരം സാര്‍സ് വൈറസ് പടരുന്നുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോള്‍ ഇല്ലാതിരുന്ന ഘട്ടത്തിലും പ്രോട്ടോക്കോളും പ്രവര്‍ത്തന രേഖയും നിര്‍ദേശങ്ങളും തയാറാക്കി.

ജനുവരി 30, ഫെബ്രുവരി രണ്ട്, നാല് തിയതികളിലായി ആദ്യ ഘട്ടത്തില്‍ മൂന്ന് കേസുകളാണ് ഉണ്ടായത്. ആ മൂന്നു കേസുകളില്‍ ആദ്യഘട്ടം ഒതുങ്ങുകയും ചെയ്തു. ആദ്യം സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളില്‍ രോഗം പടര്‍ന്നുപിടിക്കുമ്പോഴാണ് നാം വ്യാപനം ഇല്ലാതെ ആദ്യഘട്ടം അതിജീവിച്ചത്.

Read Also : സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 506 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ 375 പേര്‍ക്ക് രോഗം

മാര്‍ച്ച് എട്ടിന് വിദേശത്തുനിന്ന് എത്തിയവരില്‍ നിന്ന് രോഗം ഉണ്ടായതോടെ കേരളത്തില്‍ രണ്ടാം ഘട്ടം ആരംഭിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ മാര്‍ച്ച് 24 ന് കേരളത്തില്‍ 105 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. മെയ് മൂന്നിന് ചികിത്സയിലുള്ളവരുടെ എണ്ണം 95 ആയി കുറയുകയാണ് ചെയ്തത്. രണ്ടാം ഘട്ടം പിന്നിടുമ്പോള്‍ 496 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. അതില്‍ 165 പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധയുണ്ടായത്.

അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചതോടെ കൊവിഡിന്റെ മൂന്നാംഘട്ടത്തിലേക്ക് കടന്നു. സംസ്ഥാന അതിര്‍ത്തി വഴിയും എയര്‍പോര്‍ട്ട് സിപോര്‍ട്ട് വഴിയുമൊക്കെ കേരളത്തിലേക്ക് ആളുകള്‍ എത്തി തുടങ്ങിയ ഘട്ടമാണിത്. ഇതുവരെ പുറത്തുനിന്ന് 6,82,699 പേര്‍ വന്നു. അതില്‍ 4,19,943 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നതാണ്. 2,62,756 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഇന്നലെ വരെ 21,298 പേര്‍ക്കാണ് രോഗം ബാധിച്ചത്. അത് പരിശോധിച്ചാല്‍ 90,99 പേര്‍ കേരളത്തിന് പുറത്തുനിന്ന് വന്നവരാണ്. 12,199 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത്. മൂന്നാം ഘട്ടത്തില്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് നേരത്തെ പ്രതീക്ഷിച്ചതാണ്. എന്നാല്‍ രോഗ വ്യാപന തോത് പ്രവചിക്കപ്പെട്ട തോതില്‍ കൂടിയിട്ടില്ല. ഇപ്പോഴും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളം പിടിച്ചുനില്‍ക്കുകയാണ്. ഈ ആറ് മാസത്തിനിടയില്‍ നാം നടത്തിയ ചിട്ടയായ പ്രവര്‍ത്തന ഫലമാണ് പലരും പ്രവചിച്ചതുപോലുള്ള അപകടത്തിലേക്ക് കേരളം പോകാതിരുന്നത്.

ആരോഗ്യ മേഖലയെ മാത്രം പരിശോധിച്ചാല്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ എത്രത്തോളമാണെന്ന് മനസിലാകും. കൊവിഡ് പ്രതിരോധത്തിനായി ഒറ്റദിവസം കൊണ്ട് 276 ഡോക്ടര്‍മാരെയാണ് നിയമിച്ചത്. കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തന സജ്ജമാക്കി. 273 തസ്തികള്‍ സൃഷ്ടിച്ചു. 980 ഡോക്ടര്‍മാരെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിച്ചു. ഇതിനു പുറമെ 6700 താത്കാലിക തസ്തികകളിലേക്ക് എന്‍എച്ച്എം വഴി നിയമനം നടത്തി. ഏറ്റവും താഴെ തട്ടില്‍ വരെ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം, കൊവിഡ് രോഗികള്‍ക്കായി മാത്രം 1000 ത്തോളം ആംബുലന്‍സുകള്‍ സജ്ജമാക്കി. 50 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തനം നടത്തുന്നു. ആശുപത്രികളെ കൊവിഡ് ആശുപത്രികളായി മാറ്റുകയും സൗകര്യങ്ങള്‍ സജ്ജമാക്കുകയും ചെയ്തു.

105 ഉം 93 ഉം വയസുള്ള പ്രായമേറിയ രോഗികളെ വരെ ചികിത്സിച്ചു ഭേദമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. വാര്‍ഡ് തല സമിതികള്‍ തുടങ്ങി മുകളറ്റം വരെ നീളുന്ന നിരീക്ഷണ സംവിധാനങ്ങലാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ കരുത്താകുന്നത്.

ഒരാള്‍ പോലും പട്ടിണി കിടക്കരുത്. ഒരു ജീവിപോലും നമ്മുടെ കരുതലിന് പുറത്താകരുത്. ലോക്കഡൗണ്‍ ഘട്ടമായാലും അണ്‍ലോക്ക് ഘട്ടമായാലും സര്‍ക്കാരിന്റെ നിലപാട് ഇതായിരുന്നു. ലോക്ക്ഡൗണ്‍ ഉണ്ടാക്കുന്ന അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമുണ്ട്. ആ സാഹചര്യം മറികടക്കാനാണ് 20,000 കോടി രൂപയുടെ പാക്കേജ് സംസ്ഥാനം നടപ്പാക്കിയത്. 60 ലക്ഷം പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ കുടിശികയില്ലാതെ വിതരണം ചെയ്തു. ക്ഷേമ പെന്‍ഷന്‍ കിട്ടാത്ത 15 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം ധനസഹായം വിതരണം ചെയ്തു. വിവിധ ക്ഷേമനിധികളിലെ അംഗങ്ങള്‍ക്ക് ധനസഹായം വേറെയും നല്‍കി.

കുടുംബശ്രീ വഴി മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിയില്‍ 2000 കോടി രൂപ വിതരണം ചെയ്യാനാണ് പദ്ധതി തയാറാക്കിയത്. അതില്‍ 1,84,474 പേര്‍ക്കായി 1742 കോടി 32 ലക്ഷം രൂപ ഇതിനകം വിതരണം ചെയ്തു. പൊതു വിതരണ സംവിധാനം വഴി 85 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. ഇതോടൊപ്പം പലവ്യഞ്ജന കിറ്റുകള്‍ സൗജന്യമായി നല്‍കി. അംഗന്‍വാടികളില്‍ നിന്ന് നല്‍കുന്ന പോഷകാഹാരം കുട്ടികള്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കി.

26 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു. സമൂഹ അടുക്കള വഴി ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് സൗജന്യമായും അല്ലാതെയും ഭക്ഷണ വിതരണം നടത്തി. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കുന്ന ജനകീയ ഭക്ഷണ ശാലകള്‍ ആരംഭിച്ചു.

ജനങ്ങള്‍ക്ക് അധിക ഭാരമില്ലാത്ത ഈ കാലഘട്ടത്തെ മറികടക്കുന്നതിനുവേണ്ടിയുള്ള ക്രമീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കി. ഐടി, വ്യവസായം, ചെറുകിട വ്യവസായം, സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ വാടകയ്ക്കുള്ള വ്യാപാരികള്‍ ഇങ്ങനെയുള്ളവര്‍ക്കെല്ലാം ആവശ്യമായ ഇളവുകള്‍ ഈ ഘട്ടത്തില്‍ നല്‍കി. ഇത്തരം ഇളവുകള്‍ അണ്‍ലോക്ക ഘട്ടത്തിലും തുടരുകയാണ്.

കാര്‍ഷിക മേഖലയില്‍ സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചത് തൊഴില്‍ മേഖലയിലും ഉത്പാദന മേഖലയിലുമുള്ള മാന്ദ്യത്തെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കാര്‍ഷിക മേഖലയില്‍ വലിയ ഉണര്‍വ് സുഭിക്ഷ കേരളം പദ്ധതി സാധ്യമാക്കി. രണ്ടു മാസത്തെ ക്ഷേമപെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും ഇപ്പോള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഓണത്തിന് മുന്നോടിയായി സൗജന്യ ഭക്ഷണ കിറ്റ് നല്‍കുന്ന പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെയെല്ലാം സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിയ ആറു മാസങ്ങളാണ് പിന്നിടുന്നത്. കൊവിഡിനോടൊപ്പം തന്നെ ഇനിയും സഞ്ചരിക്കേണ്ടി വരുമെന്നതാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതിന് സജ്ജമാവുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights CM explains government role in covid defense

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here