ആശങ്കയുടെ ആറ് മാസം; കൊവിഡ് കേരളത്തിൽ ആദ്യമായി എത്തിയത് ജനുവരി 30ന്

കേരളത്തിൽ കടന്നുപോയത് ആശങ്കയുടെ ആറ് മാസം. ജനുവരി 30ന് തൃശൂരിലാണ് രാജ്യത്തെയും സംസ്ഥാനത്തെയും ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചത്. വുഹാനിൽ നിന്നെത്തിയ എംബിബിഎസ് വിദ്യാർത്ഥിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ സംസ്ഥാനത്ത് മരണസംഖ്യ 68 ആയപ്പോൾ മൊത്തം രോഗികളുടെ എണ്ണം ഇരുപത്തൊന്നായിരം കടന്നു.
വുഹാനിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ തൃശൂർ സ്വദേശി നഗരത്തിൽ കൊറോണ വ്യാപനം ശക്തമായതോടെയാണ് ജനുവരി 24 ന് നാട്ടിൽ തിരിച്ചെത്തിയത്. മൂന്നാം നാൾ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഉടൻ ആരോഗ്യപ്രവർത്തകരെ വിവരമറിയിച്ചു. 29 ന് ടെസ്റ്റ് പൊസിറ്റീവ്. രാജ്യത്തെ ആദ്യത്തെ കൊവിഡ് കേസ് അങ്ങനെ തൃശൂരിൽ സ്ഥിരീകരിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മികച്ച രീതിയിലുള്ള നിയന്ത്രണങ്ങളിലൂടെയും പ്രതിരോധ തന്ത്രങ്ങളിലൂടെയും രോഗബാധ ഈ മൂന്ന് പേരിൽ ഒതുക്കിനിർത്തുന്നതിൽ സർക്കാർ വിജയിച്ചു. മാർച്ച് ആദ്യം ഇറ്റലിയിൽ നിന്ന് കേരളത്തിലെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിച്ചതോടെയാണ് കേരളത്തിൽ കൊവിഡിന്റെ രണ്ടാം വരവ് തുടങ്ങുന്നത്. തുടർന്ന് വിദേശത്തുനിന്ന് വന്ന പലർക്കും രോഗബാധ സ്ഥിരീകരിച്ചെങ്കിലും മറ്റുള്ളവരിലേയ്ക്ക് വ്യാപിക്കാതെ രോഗബാധ പിടിച്ചുനിർത്തി കേരളം ലോകത്തിന് തന്നെ മാതൃകയായി.
മെയ് എട്ടിന് കേരളത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്നക് പതിനാറ് പേർ മാത്രമായിരുന്നു. 503 പേർക്കായിരുന്നു അതുവരെ രോഗം ബാധിച്ചത്. എന്നാൽ കൊവിഡിന്റെ മൂന്നാം വരവിൽ കേരളത്തിന് കൈവിട്ടു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ മടങ്ങിവരാൻ തുടങ്ങുകയും ചെയ്തതോടെയായിരുന്നു ഇത്.
ജൂലൈയോടെ സമ്പർക്ക വ്യാപനമുണ്ടായി. ജനുവരി 30ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തെങ്കിലും നാല് മാസത്തിന് ശേഷം മെയ് 27നാണ് കേരളത്തിൽ രോഗികളുടെ എണ്ണം ആയിരം കടന്നത്. ജൂണിൽ ഇത് നാലായിരം കടന്നു. അപ്പോൾ മരണസംഖ്യ 24 ആയിരുന്നു. ജൂലൈയിൽ 29 ദിവസം കൊണ്ട് 17,356 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതായത് മൊത്തം രോഗികളുടെ 80 ശതമാനവും ഈ മാസമാണുണ്ടായത്. കഴിഞ്ഞ ഏഴ് ദിവസം കൊണ്ട് 6765 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 5,125 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഇപ്പോൾ മരണസംഖ്യ 68 ആണ്.
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും മലപ്പുറത്തെ പൊന്നാനിയിലും ഈ മാസമാദ്യം ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളായ പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് ജൂലൈ പതിനേഴിനാണ്. വരും മാസങ്ങളിൽ സ്ഥിതി ഇതിലും ഗുരുതരമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
Story Highlights – covid history kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here