Advertisement

അറഫാ സംഗമം അവസാനിച്ചു; നാളെ മിനായിലെ ജംറകളില്‍ കല്ലേറ് കര്‍മം ആരംഭിക്കും

July 30, 2020
Google News 1 minute Read

അറഫാ സംഗമം അവസാനിച്ചു. ഹജ്ജ് തീര്‍ത്ഥാടകര്‍ മുസ്ദലിഫയിലേക്ക് നീങ്ങി. നാളെ മിനായിലെ ജംറകളില്‍ കല്ലേറ് കര്‍മം ആരംഭിക്കും. ഒരു പകല്‍ മുഴുവന്‍ അറഫയില്‍ പ്രാര്‍ത്ഥനകളിലും മറ്റ് ആരാധനാ കര്‍മങ്ങളിലും മുഴുകിയ തീര്‍ത്ഥാടകര്‍ അറഫയില്‍ നിന്ന് മടങ്ങി. പാപമോചനത്തിനും കൊവിഡ് മഹാമാരിയില്‍ നിന്നുള്ള മോചനത്തിനും അറഫയില്‍ വച്ച് ഹാജിമാര്‍ അല്ലാഹുവിനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. അറഫാ സംഗമത്തില്‍ പങ്കെടുത്തവര്‍ നവജാത ശിശുവിനെ പോലെ പാപമുക്തരാണെന്നാണ് വിശ്വാസം. അതുകൊണ്ട് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞയുമായാണ് തീര്‍ത്ഥാടകര്‍ മടങ്ങിയത്.

മറ്റു കര്‍മങ്ങള്‍ക്കായി ഹാജിമാര്‍ മുസ്ദലിഫയിലേക്ക് നീങ്ങി. ഏതാണ്ട് 10 കിലോമീറ്റര്‍ ആണ് അറഫയില്‍ നിന്നും മുസ്ദലിഫയിലേക്കുള്ള ദൂരം. സൂര്യന്‍ അസ്തമിച്ചതോടെ എല്ലാ തീര്‍ത്ഥാടകരും ഒരുമിച്ചാണ് മുസ്ദലിഫയിലേക്ക് പുറപ്പെട്ടത്. മുസ്ദലിഫയിലെ തുറന്ന മൈതാനത്താണ് തീര്‍ത്ഥാടകര്‍ ഇന്ന് രാത്രി കഴിച്ചുകൂട്ടുക. ശാരീരിക അകലം പാലിച്ച് കഴിയാനുള്ള പ്രത്യേക സൗകര്യം മുസ്ദലിഫയിലെ മശ്ഹറുല്‍ ഹറാം പള്ളിക്ക് സമീപം ഒരുക്കിയിട്ടുണ്ട്. ഓരോ സംഘത്തിനും താമസിക്കാനുള്ള സ്ഥലം പ്രത്യേക ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്.

നാളെ മുതല്‍ മിനായിലെ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിക്കുന്നത് മുസ്ദലിഫയില്‍ നിന്നാണ്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ അണുമുക്തമാക്കിയ കല്ലുകള്‍ കവറിലാക്കി തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുകയാണ്. നാളെ മുതല്‍ മൂന്നു ദിവസം മിനായില്‍ താമസിച്ച് തീര്‍ത്ഥാടകര്‍ ജംറകളില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കും. ബലിപെരുന്നാള്‍ ദിവസമായ നാളെയാണ് തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും കൂടുതല്‍ കര്‍മങ്ങള്‍ അനുഷ്ടിക്കാനുള്ളത്.

Story Highlights Hajj Arafa meeting ends

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here