കണ്ണൂർ സര്‍ക്കാര്‍ മെഡിക്കൽ കോളജിൽ കൊവിഡ് വ്യാപനം; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 27 പേർക്ക്

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ കൊവിഡ് വ്യാപിക്കുന്നു. ആരോഗ്യ പ്രവർത്തകരടക്കം എൺപതിലേറെ പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 250ഓളം പേർ നിരീക്ഷണത്തിലുമായി. മെഡിക്കൽ കോളജ് ക്ലസ്റ്ററിൽ ഇന്നലെ മാത്രം 27 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതിൽ പത്ത് പേർ ആരോഗ്യ പ്രവർത്തകരാണ്. മൂന്ന് ഡോക്ടർമാർ, ആറ് സ്റ്റാഫ് നേഴ്‌സ്, ഒരു നേഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവർക്കാണ് രോഗമുള്ളത്. മെഡിക്കൽ കോളജിൽ മറ്റ് ചികിത്സകൾക്കായി എത്തിയ രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പടെ 17 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പരിയാരം ക്ലസ്റ്ററിൽ രോഗം ബാധിച്ചവരുടെ എണ്ണം എൺപതിലേറെയായി.

Read Also : ഇടുക്കിയിൽ വീടുകൾ കയറി പ്രാർത്ഥന നടത്തിയ പാസ്റ്റർക്ക് കൊവിഡ്

1500 ഓളം ആരോഗ്യ പ്രവർത്തകരുള്ള മെഡിക്കൽ കോളജിലെ 250ഓളം പേർ നിരീക്ഷണത്തിലാണ്. 11 സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും 22 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുമുള്ള സർക്കാർ ആശുപത്രിയിലാണ് കൊവിഡ് വ്യാപനമുണ്ടായിരിക്കുന്നത്. ഓപ്പറേഷൻ തിയറ്ററുകളുടെ പ്രവർത്തനമടക്കം നിർത്തി വച്ചിരിക്കുകയാണ്. കൊവിഡ് ഇതര വാർഡുകളിൽ രോഗം വ്യാപിച്ചതോടെ ഭൂരിഭാഗം രോഗികളെയും മാറ്റി.

ഇപ്പോൾ 250 ഓളം പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 120 പേരും കൊവിഡ് രോഗികളാണ്. നിലവിലുള്ള ആരോഗ്യ പ്രവർത്തകർ ഏഴ് ദിവസം അധിക ഡ്യൂട്ടി ചെയ്താണ് പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നത്.

Story Highlights covid, coronavirus, kannur medical college

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top