‘രമേശ് ചെന്നിത്തല കോൺഗ്രസിനുള്ളിലെ സർ സംഘ് ചാലക്’; രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രമേശ് ചെന്നിത്തല കോൺഗ്രസിനുള്ളിലെ സർ സംഘ് ചാലകെന്ന് കോടിയേരി പറഞ്ഞു. ആർഎസ്എസിനേക്കാൾ അവരുടെ കുപ്പായം ചേരുന്നത് രമേശ് ചെന്നിത്തലയ്ക്കാണ്. ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് രമേശ് ചെന്നിത്തലയെന്നും കോടിയേരി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ആരോപിച്ചു.
അയോധ്യ, മുത്തലാഖ്, പൗരത്വ ഭേദതി തുടങ്ങിയ വിഷയങ്ങളിലെല്ലാം ‘കൈപ്പത്തി’യെ ‘താമര’യേക്കാൾ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാർഡാണ് കോൺഗ്രസ് എല്ലായ്പോഴും ഇറക്കുന്നത്. അയോധ്യയിൽ പള്ളി പൊളിക്കാൻ കാവിപ്പടയ്ക്ക് അന്നത്തെ കോൺഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നത് അതുകൊണ്ടാണ്. റാവുവിന്റെ പാരമ്പര്യം പിൻപറ്റിയാണ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയപ്പടവുകൾ കയറുന്നത്. ബിജെപിയും കോൺഗ്രസും മുസ്ലിംലീഗും ഇവിടെ മുഖ്യശത്രുവായി കാണുന്നത് എൽഡിഎഫിനെയും വിശിഷ്യാ സിപിഐഎമ്മിനെയുമാണെന്നും കോടിയേരി പറഞ്ഞു.
Read Also :ബിനീഷ് കോടിയേരി വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് വ്യാജപ്രചാരണം [24 Fact Check]
പിണറായി സർക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറും മുമ്പേ ചെന്നിത്തല ആവർത്തിക്കും. ഇതുകൊണ്ടുമാത്രമായി അവസാനിക്കുന്നതല്ല ആർഎസ്എസ്-കോൺഗ്രസ് ബാന്ധവമെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.
Story Highlights – kodiyeri balakrishnan, Ramesh chennithala, RSS, Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here